
മലപ്പുറം: പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാനപാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള 30.88 കിലോമീറ്റർ ഭാഗത്തെ റോഡ് പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ. 24ന് രാവിലെ ഒമ്പതിന് സംയുക്ത സമര സമിതി കട്ടുപ്പാറ പാലം ജംഗ്ഷനിൽ സംസ്ഥാനപാത ഉപരോധിക്കും. സെപ്തംബർ 30നകം ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ പ്രവൃത്തി നിർവഹണ വിഭാഗമായ കെ.എസ്.ടി.പിയുടെ കുറ്റിപ്പുറത്തെയും തിരുവനന്തപുരത്തെയും ഓഫീസുകൾക്ക് മുന്നിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കാനാണ് തീരുമാനം.
റോഡിന്റെ നവീകരണത്തിന് റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 144 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2020 സെപ്തംബർ 20ന് മുഖ്യമന്ത്രി നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നു. കരാറെടുത്ത ആന്ധ്രാകമ്പനി 2021 ജനുവരി 20ന് നിർമ്മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും ഇതുവരെ 50 ശതമാനം പോലും പൂർത്തീകരിച്ചിട്ടില്ല. 18 മാസമായിരുന്നു കരാർ കാലാവധി. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് രോഗികളെ എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിനെയും ബന്ധപ്പെട്ട വകുപ്പുകളെയും നിരന്തരം അറിയിച്ചിട്ടും മന്ത്രിയും എം.എൽ.എയും ഇടപെട്ടിട്ടും കമ്പനി ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമര സമിതി ഭാരവാഹികൾ ആരോപിക്കുന്നു.
എങ്ങനെ പോവും ഇതിലെ
ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന റോഡാണിത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്ത വിധം റോഡ് തകർന്നിട്ടുണ്ട്. ഇത് മൂലം റോഡപകടങ്ങളും പതിവാണ്. റോഡിലെ കുഴികളിൽ വീണ് ഗർഭച്ഛിദ്രമുണ്ടായ സാഹചര്യം പോലുമുണ്ടായി. റോഡിലെ പൊടിപടലങ്ങൾ മൂലം നിരവധി വ്യാപാരികൾക്കും വലിയ നാശനഷ്ടങ്ങളുണ്ട്. പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ വീഴ്ചവരുത്തിയ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ നോട്ടീസ് നൽകുകയും കമ്പനി ഇതിനെ കോടതിയിൽ ചോദ്യം ചെയ്ത് അനുകൂല വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത്. ഈ വിധി ജനങ്ങളെ വെല്ലുവിളിക്കാനുള്ള ലൈസൻസായാണ് കരാർ കമ്പനി കാണുന്നതെങ്കിൽ ഇതിനെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ നേരിടുമെന്ന് വാർത്താസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹൻ, സമര സമിതി ജനറൽ കൺവീനർ ഷാജി കട്ടുപ്പാറ, ട്രഷറർ അസീസ് ഏർബാദ് അറിയിച്ചു.