
തേഞ്ഞിപ്പലം : വള്ളിക്കുന്ന് മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകൾക്കുള്ള കുടിവെള്ള പദ്ധതിയുടെ യൂണിവേഴ്സിറ്റി ചെനക്കലിൽ നിർമ്മിക്കുന്ന ജലസംഭരണി യുടെയും ശുചീകരണശാലയുടെയും പ്രവൃത്തി അന്തിമഘട്ടത്തിൽ. കാലിക്കറ്റ് സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിലെ തർക്കത്തിന് പരിഹാരമായില്ല. പദ്ധതിക്കായി സർവകലാശാല വിട്ടു നൽകിയ ഭൂമി സംബന്ധിച്ചുള്ള എം.ഒ.യു ഒപ്പ് വയ്ക്കുന്നതിലെ തർക്കത്തെ തുടർന്ന് സർക്കാരിന് വിട്ടിരുന്നു. കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി 90ശതമാനം പൂർത്തീകരിച്ചിട്ടും എം.ഒ.യു ഒപ്പുവയ്ക്കൽ വൈകുന്നത് കുടിവെള്ള ഉപഭോക്താക്കളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. പി.അബ്ദുൽ ഹമീദ് എം.എൽ.എ വിളിച്ച് ചേർത്ത ജലവിഭവ വകുപ്പ്, പൊതുമ രാമത്ത് വകുപ്പ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് പ്രസിഡന്റുമാരുടേയും സെക്ര ട്ടറിമാരുടേയും സംയുക്ത യോഗ ത്തിലാണ് എം.ഒ.യു ഒപ്പ് വയ്ക്കുന്നത് സംബന്ധിച്ച തീരുമാനം സർക്കാരിന് വിടാൻ തീരുമാനമായത്. ഭൂമി പദ്ധതിക്കായി നൽകുന്നതിന് പകരം സർവകലാശാലയ്ക്ക് ആവശ്യാനുസരണം വെള്ളം സൗജന്യമായി നൽകണമെന്ന് വ്യസ്ഥയിലുൾപ്പെടുത്തണമെന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. സർക്കാരിന്റെ അന്തിമ തീരുമാനത്തിന് വിധേയമായി എം.ഒ.യു കരട് തയ്യാറാക്കി സർവകലാശാലയ്ക്ക് നൽകാൻ വാട്ടർ അതോറിറ്റിക്ക് എം.എൽ.എ നിർദ്ദേശം നൽകി. എന്നാൽ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ജലസംഭരണിയുടെയും ശുചീകരണശാലയുടേയും പ്രവൃത്തി പൂർത്തിയായെങ്കിലും ചുറ്റുമതിൽ നിർമ്മിക്കാനും പൈപ്പ് ലൈൻ കണക്ട് ചെയ്യാനും സർവ്വകലാശാ ലയുടെ അനുമതി വേണം. 71 കോടി രൂപയാണ് കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.