nipha

പനിക്കിടക്കയിൽ നിന്ന് എണീറ്രയുടൻ ആരോഗ്യമേഖലയെ വീണ്ടും ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നതാണ് മലപ്പുറം ജില്ലയിലെ സമീപകാല സംഭവങ്ങൾ. നിപയ്ക്ക് പുറമെ എം പോക്സും സ്ഥിരീകരിച്ചതോടെ രോഗ ആശങ്കയിലാണ് ജില്ല. രണ്ടു നിപ മരണങ്ങളാണ് ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ കഴിഞ്ഞ ജൂലായ് 21ന് മരിച്ചത്. കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആർക്കും രോഗം സ്ഥിരീകരിക്കാത്തതും വലിയ ആശ്വാസത്തിനിടയാക്കിയിരുന്നു. ഈ മാസം ഒൻപതിന് വണ്ടൂർ നടുവത്ത് സ്വദേശിയായ 24കാരനും നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടതോടെ നിപ ആശങ്കകൾ ഇരട്ടിയായി. വീട്ടുവളപ്പിലെ പഴങ്ങൾ രോഗി ഭക്ഷിച്ചിരുന്നെന്നും അതിൽ നിന്നാണ് രോഗ ഉറവിടമെന്നുമാണ് അനുമാനം. ബാംഗ്ലൂരിൽ പഠിക്കുകയായിരുന്ന യുവാവ് കാലിന് അസുഖമായതോടെയാണ് നാട്ടിലെത്തിയത്. പിന്നാലെ പനി ബാധിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ പൂനെ വൈറോളജി ലാബിൽ നടന്ന സ്രവ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.


ദുബായിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38കാരന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ചത് ഈ മാസം 18നാണ്. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. മാത്രമല്ല, രാജ്യത്തെ രണ്ടാമത്തെ കേസുമാണിത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എം പോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രമാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് രോഗലക്ഷണങ്ങളുണ്ടായാൽ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശവും നൽകിയിരുന്നു. 2022ൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.


നിപ പ്രതിരോധത്തിന്

മുൻകരുതലുകൾ
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണിത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. സമ്പർക്കത്തിലൂടെ ഇത് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാല് മുതൽ 14 ദിവസം വരെയാണ്. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം ക്ഷീണം വർദ്ധിച്ച് അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

കൃത്യമായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതു ഇടങ്ങളിൽ പോയി വന്ന ശേഷം കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക, രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുക, വവ്വാലോ മറ്റ് പക്ഷികളോ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക എന്നിവയാണ് മുൻകരുതലുകൾ.

എം പോക്സിന്റെ വഴിയും

പ്രതിരോധവും

ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നെങ്കിൽ ഇപ്പോൾ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോ പോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
കൊവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ രോഗം പകരില്ല. എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാദ്ധ്യത വളരെയേറെയാണ്.
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

അസുഖ ബാധിതരായ ആളുകളുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്നവർക്കാണ് എം പോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.