bbbbb

മലപ്പുറം: തകർന്ന് വീഴാറായ മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിന് അനുയോജ്യമായ താത്ക്കാലിക കെട്ടിടം കണ്ടെത്തി രണ്ട് മാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. താലൂക്ക് ആശുപത്രിക്ക് തൊട്ടടുത്തുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കാനായി ഉടമകളിൽ നിന്ന് കരാർ ഒപ്പിട്ട് വാങ്ങിയ ശേഷം ആശുപത്രിക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടതുണ്ട്. കൂടാതെ, മലപ്പുറം ടൗൺ ഹാളിൽ ഫാർമസിയും സജ്ജീകരിക്കണം. വലിയങ്ങാടി കിളിയമണ്ണിൽ ഓഡിറ്റോറിയവും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും രണ്ട് ലക്ഷം രൂപ വാടക ആവശ്യമായതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്ന് മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്കും ടൗൺഹാളിലേക്കും താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റാമെന്നത് സംബന്ധിച്ച തീരുമാനമെടുക്കാനായുള്ള യോഗം ഇന്ന് മലപ്പുറം നഗരസഭയിൽ നഗരസഭാദ്ധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ നടക്കും. ഇന്നലെയാണ് ആദ്യം യോഗം നടത്താൻ തീരുമാനിച്ചിരുന്നത്.

സ്വകാര്യആശുപത്രികൾ അഭയം

അപകട ഭീഷണി നേരിടുന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിസിൻ സർജറി വാർഡ്, കുട്ടികളുടെ വാർഡ് എന്നിവിടങ്ങളിലേക്കുള്ള അഡ്മിഷൻ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

അതിനാൽ, സാധാരണക്കാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

നിലവിൽ ഒ.പി പ്രവർത്തിക്കുന്ന പിറകുവശത്തുള്ള പുതിയ കെട്ടിടത്തിൽ കിടത്തി ചികിത്സ ഒരുക്കാനാണ് തീരുമാനം.

ഇവിടെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒഫ്താൽമോളജി വിഭാഗത്തിൽ എക്സറേ യൂണിറ്റ് സ്ഥാപിക്കും.
പഴയ കെട്ടിടത്തിൽ അപകട ഭീഷണി ഇല്ലാത്ത ഭാഗത്ത് ഓപ്പറേഷൻ തിയേറ്ററും ഐ.സി.യുവും സജ്ജീകരിക്കും.


രണ്ടാഴ്ചയ്ക്കകം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗ്, ടൗൺഹാൾ എന്നിവിടങ്ങളിലേക്ക് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

മുജീബ് കാടേരി, നഗരസഭാ ചെയർമാൻ