മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിലെ ദേവധാർ കാട്ടിലങ്ങാടി-തെയ്യാല റെയിൽവേ ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യഘട്ട പ്രവൃത്തിക്ക് നാളെ തുടക്കമാവും. വൈകിട്ട് 3.30ന് മന്ത്രി പി.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷനാവും. താനൂർ നഗരസഭയിലെ പാലക്കുറ്റിയാഴി തോട് പാലം മുതൽ കാട്ടിലങ്ങാടി ക്ഷേത്രം വരെയുള്ള 1.3 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. ദേവധാർ റെയിൽവേ ഓവർബ്രിഡ്ജ് മുതൽ പാലക്കുറ്റിയാഴി തോട് വരെയും കാട്ടിലങ്ങാടി ക്ഷേത്രം മുതൽ തെയ്യാല റെയിൽവേ ഗേറ്റ് വരെയുള്ള രണ്ടാംഘട്ട പ്രവൃത്തിക്കുള്ള സ്ഥലമേറ്റെടുപ്പിന് ഈ വർഷത്തെ ബഡ്ജ‌റ്റിൽ രണ്ടുകോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്ന ഭാഗത്തെ റോഡിന്റെ ഇരുഭാഗത്തെയും ഭൂവുടമകൾ എട്ട് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകിയതിനാലാണ് പ്രവൃത്തി ആരംഭിക്കാൻ സാധിച്ചത്. മന്ത്രി വി.അബ്ദുറഹ്മാന്റെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് നിർമ്മിച്ച കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചുറ്റുമതിലിന്റെയും പ്രവേശന കവാടത്തിന്റെയും സമർപ്പണവും ചടങ്ങിൽ നടക്കും.