
എടപ്പാൾ: ലോക പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രം നശിക്കുന്നു. അദ്ദേഹത്തിന്റെ താമസ സ്ഥലമായ എടപ്പാൾ നടുവട്ടത്തെ നവീകരിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടന ദിവസം വരച്ചതാണ് ഈ ചിത്രം. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴത്തിനായി നമ്പൂതിരി വരച്ച കഥാപാത്രങ്ങളോട് സാമ്യമുള്ള തരത്തിലുള്ള സ്ത്രീരൂപമാണ് ഇത്. അന്ന് ഈ ചിത്രത്തിനെ ഗ്ലാസ്സ് കൂട് കൊണ്ട് പ്രത്യേകം സംരക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് സാമൂഹ്യ വിരുദ്ധർ ചില്ല് കൂട് തകർക്കുകയായിരുന്നു. ചിത്രത്തോടൊപ്പം ബസ് സ്റ്റോപ്പിന്റെ ഒരു വശവും നശിച്ചു കിടക്കുകയാണ്. വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് ബാലപ്പാടി എന്ന ബാലകൃഷ്ണ പിഷാരാടിയുടെ നാമധേയത്തിൽ ഉണ്ടായിരുന്ന ബസ്സ് സ്റ്റോപ്പിൽ നിന്നും നവീകരിച്ച ശേഷം പേര് നീക്കം ചെയ്തിരുന്നു. ഇതിൽ വിയോജിപ്പുകൾ നില നിന്നിരുന്നു. ഈ പേരു പുനസ്ഥാപിക്കുകയും ആർട്ടിസ്റ്റ് നമ്പൂതിരിയോടുള്ള നാടിന്റെ ആദരവ് എന്ന നിലയിൽ ചിത്രം സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ചിത്രത്തോടുള്ള അവഗണന കലാ സമൂഹത്തോടുള്ള വെല്ലുവിളി പോലെയാണെന്നു ചുമർ ചിത്രകലാകാരൻ അരുൺ അരവിന്ദ് അഭിപ്രായപ്പെട്ടു.
ചെറുതരികൾ പോലും നില നിർത്താൻ കഴിയുന്ന വാർണിഷിംങ് സിസ്റ്റം നിലവിലുള്ള കാലമാണ്. അത്തരത്തിൽ വാർണിഷിങ് നടത്തി കാറ്റും മഴയും കൊള്ളാത്ത വിധം സിലിക്കൻ ഉപയോഗിച്ച് ചുറ്റിലും ഗ്ലാസ്സ് വലയം തീർത്ത് ചിത്രത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.