
മലപ്പുറം: നാല് വർഷം മുമ്പ് സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടും മേൽമുറി ജി.എം.യു.പി സ്‌കൂൾ വാടകക്കെട്ടിടത്തിൽ തന്നെയാണ്. നിലവിലെ കെട്ടിടത്തിന് ഒരുകിലോമീറ്റർ അകലെയായി എതലിപ്പറമ്പിൽ ഒന്നര ലക്ഷം രൂപ ഒരു സെന്റിനെന്ന കണക്കിൽ 1.75 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. എന്നാൽ, റവന്യൂ വകുപ്പ് സ്ഥലത്തിന് വില കണക്കാക്കിയത് ഒരു സെന്റിന് 15,000 രൂപ മാത്രമാണ്. ഇതോടെ റീ വാല്യുവേഷന് അപേക്ഷ നൽകിയിരിക്കുകയാണ് സ്ഥലമുടമകൾ. ഭൂമി വാങ്ങാൻ 2.25 കോടി രൂപയാണ് വേണ്ടത്. ഇതിൽ 60 ലക്ഷം ഇതിനോടകം കണ്ടെത്തി. സ്‌കൂൾ പി.ടി.എ അംഗത്തിന്റെ വീടിന്റെ ആധാരം പണയംവച്ചും മുഴുവൻ അദ്ധ്യാപകരും ഒരുമാസത്തെ ശമ്പളം നൽകിയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്‌കൂൾ അധികൃതരുടെയും സംഭാവനയിലൂടെയാണ് ഈ തുക കണ്ടെത്തിയത്. മലപ്പുറം നഗരസഭ ഒന്നരക്കോടി രൂപ സ്‌കൂളിന് സ്ഥലം വാങ്ങാനായി വകയിരുത്തിയിട്ടുണ്ടെങ്കിലും ഭൂമിയെ സംബന്ധിച്ച റവന്യൂ വകുപ്പിന്റെ അന്തിമ തീരുമാനം വന്നാലേ ലഭ്യമാകൂ. നേരത്തെ കിഫ്ബി വഴി ഒരുകോടി രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരുന്നു.
94 വർഷം മുമ്പ് അധികാരത്തൊടിയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്‌കൂളിൽ ഇന്ന് 1,000ത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. തടസ്സങ്ങൾ നീക്കി സ്വന്തം ഭൂമിയിൽ സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കണമെന്നാണ് സ്‌കൂൾ അധികൃതരും നാട്ടുകാരും പറയുന്നത്.
ലാബ്, ലൈബ്രറി, കളിസ്ഥലം പ്രതിസന്ധിയിൽ
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ സമ്പൂർണ്ണ ലാബും ലൈബ്രറിയും കളിസ്ഥലവും ഇവിടെയില്ല. 300 മീറ്റർ ചുറ്റളവിലുള്ള മൂന്ന് കോമ്പൗണ്ടുകളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. അതിനാൽ ഉച്ചഭക്ഷണം വാങ്ങുന്നതിന് കുട്ടികൾക്കെത്താനും പ്രയാസമാണ്. നല്ല ശൗചാലയങ്ങളുടെ അഭാവവും സ്‌കൂൾ നേരിടുന്നുണ്ട്.
90 ശതമാനവും പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. അവർക്ക് മികച്ച സൗകര്യങ്ങളൊരുക്കാൻ സ്‌കൂളിന് സ്വന്തമായി കെട്ടിടം കൂടിയേ തീരൂ. സർക്കാർ ഇടപെട്ട് എത്രയും വേഗം ഇതിന് പരിഹാരം കാണണം.
ഷമീർ കപ്പൂർ, പി.ടി.എ പ്രസിഡന്റ്.