
തിരൂർ: താഴെപ്പാലം-സിറ്റി ജംഗ്ഷൻ റോഡിൽ ശുദ്ധജല പെപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പല തവണയായി പൊട്ടുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥലത്താണ് വീണ്ടും പൊപ്പ് പൊട്ടിയിരിക്കുന്നത്. നിലവിൽ പൈപ്പ് പൊട്ടിയതു മൂലം വെള്ളം ഒഴുകി കുഴി രൂപപ്പെട്ട് അപകടഭീഷണിയുയർത്തുന്നുണ്ട്.
ഒരാഴ്ചയിൽ കൂടുതലായി ഈ അവസ്ഥ തുടരുകയാണ്. പെപ്പ് ലൈൻ നന്നാക്കി കഴിഞ്ഞാലും റോഡുകൾ കുണ്ടും കുഴിയുമായി മാസങ്ങളോളം കിടക്കും. ഒടുവിൽ തീരെ ഗതാഗതയോഗ്യമല്ലാതായി ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുന്ന അവസ്ഥയെത്തി ജനകീയപ്രതിഷേധമുണ്ടാവുമ്പോഴാണ് നടപടി വരാറ്. നേരത്തെ സിറ്റി ജംഗ്ഷനിലെ ഹോസ്പിറ്റൽ റോഡിലും പല തവണ പൈപ്പ് ലൈൻ പൊട്ടിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് കുഴിയടച്ച് റോഡ് ഗതാഗതയോഗ്യമാക്കിയത്.
താഴെപ്പാലത്തും ഇപ്പോൾ റോഡിലെ കുഴി വലുതായിട്ടുണ്ട്. കുഴിയിൽ വാഹനങ്ങൾ ചാടി അപകടം സംഭവിക്കാതിരിക്കാൻ ട്രാഫിക് ലൈൻ നിയന്ത്രണത്തിന് വച്ച ബോർഡ് കൊണ്ട് സുരക്ഷയൊരുക്കിയിരിക്കുകയാണ്. പക്ഷേ, കുഴി വലുതായി വരുന്നതിനാൽ മെയിൻ റോഡിലൂടെ വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാണ്. ഇത്രയും ദിവസമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ വ്യാപാരികൾക്കും മറ്റും അമർഷമുണ്ട്. വരും ദിവസങ്ങളിൽ കുഴിയടച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.