മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്നലെ പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാല് പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്നലെ രണ്ട് പേർക്ക് ഉൾപ്പെടെ 276 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.
വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ നമദേവ് കോബർഗഡെ, ജില്ലാ കളക്ടർ വി.ആർ.വിനോദ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.