dtpc-hall
മലപ്പുറത്തെ ഡി.ടി.പി.സി ഹാൾ

മലപ്പുറം: ഇലക്ട്രിക്കൽ വർക്കുകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാകാത്തതിനാൽ മൂന്ന് വർഷമായി അടഞ്ഞ് കിടക്കുന്ന കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്നു. ഹാളിനുള്ളിലെ 50ഓളം ട്യൂബുകളും ലൈറ്റുകളും സ്വിച്ച് ബോർഡുകളും മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് ഇനി ബാക്കിയുള്ളത്. എന്നാൽ, ഇതിനുളള പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ടി.പി.സി അധികൃതർ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നെങ്കിലും പണം നൽകാൻ തയ്യാറാകാത്ത അവസ്ഥയാണ്.
വി.വി.പാറ്റ് അടക്കമുള്ള വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാനായി മൂന്ന് വർഷം മുമ്പാണ് ഡി.ടി.പി.സി ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുത്തത്. ഹാൾ തുറക്കാതെ വന്നതോടെ വാതിലുകളും ജനലുകളും വൈദ്യുതി ഉപകരണങ്ങളുമെല്ലാം നശിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നും എന്നാൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഡി.ടി.പി.സിക്ക് സ്വന്തം ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട അവസ്ഥ വരുമെന്നും ഡി.ടി.പി.സി അധികൃതർ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫണ്ടുപയോഗിച്ച് മുഴുവൻ വാതിലുകളും ജനലുകളും അറ്റകുറ്റപ്പണി നടത്തുകയും പുറത്ത് ഗേറ്റ് സ്ഥാപിക്കുകയും പെയിന്റിംഗ് പൂർത്തിയാക്കുകയും ചെയ്തിരുന്നു.

കളക്ട്രേറ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ വെയർഹൗസ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഡി.ടി.പി.സി ഹാൾ കമ്മിഷൻ വിട്ടുനൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്ക് ഡി.ടി.പി.സി കത്ത് നൽകിയിരുന്നു. തുടർന്ന്, നിർമ്മാണ പ്രവർത്തനങ്ങൾക്കായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കളക്ടർ കത്തയച്ചെങ്കിലും ഉടൻ ശരിയാക്കാം എന്ന മറുപടി ലഭിച്ചതല്ലാതെ തുടർനടപടി എങ്ങുമെത്താതെ നീണ്ടുപോകുന്ന സ്ഥിതിയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് സാമഗ്രികളെല്ലാം ഇവിടെ നിന്നും മാറ്റിയതോടെയാണ് കഴിഞ്ഞ എപ്രിലിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. കോട്ടക്കുന്ന് ആർട്ട് ഗാലറിയോട് ചേർന്നാണ് ഡി.ടി.പി.സി ഹാൾ സ്ഥിതി ചെയ്യുന്നത്.


മൂന്ന് വർഷമായി ഡി.ടി.പി.സി ഹാൾ അടഞ്ഞ് കിടക്കുന്നതിനാൽ വലിയ നഷ്ടമുണ്ട്. കുറഞ്ഞ ചെലവിൽ സാംസ്‌കാരിക പരിപാടികളും സമ്മേളനങ്ങളും വിവിധ സർക്കാർ പരിപാടികളും വിവാഹങ്ങളും ഉൾപ്പെടെയുള്ളവയ്ക്ക് വേദിയായിരുന്നു ഇവിടമെന്നതിനാൽ എല്ലാവർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ് കൊവിഡ് കാലമായിരുന്നതിനാൽ മൂന്ന് വർഷത്തിലധികമായി ഇതുവഴി വരുമാനം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.


ഡി.ടി.പി.സി അധികൃതർ