
നിലമ്പൂർ: നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനോട് കയർത്ത് പി.വി.അൻവർ എം.എൽ.എ. നിലമ്പൂർ അരുവാക്കോട് വനം വകുപ്പ് ഓഫീസിലെ കെട്ടിടങ്ങളുടെയും സൗരോർജ്ജ തൂക്കുവേലിയുടെയും ഉദ്ഘാടനത്തിനെത്തിയ എം.എൽ.എയുടെ വാഹനം മാറ്റിനിറുത്താൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതാണ് അൻവറിനെ പ്രകോപിപ്പിച്ചത്. പരിപാടിയിൽ അദ്ധ്യക്ഷനായിരുന്നു അൻവർ.
വാഹനം ആദ്യം പാർക്ക് ചെയ്‌ത സ്ഥലത്തുനിന്നും മാറ്റിയിടണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മാറ്റിയിട്ടപ്പോൾ വീണ്ടും മാറ്റണമെന്ന് പറഞ്ഞുവെന്നാണ് ആരോപണം. പരിപാടി കഴിഞ്ഞ് എത്തിയപ്പോൾ ഡ്രൈവർ ഇക്കാര്യം അറിയിച്ചതോടെ അങ്ങനെ പറഞ്ഞത് ആരാണെന്നു ചോദിച്ച് അൻവർ വനംവകുപ്പ് ഓഫീസിലേക്ക് എത്തുകയായിരുന്നു. ഓഫീസർ അവിടെയില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചതോടെ അദ്ദേഹത്തോട് കയർത്ത് സംസാരിച്ചു. വണ്ടി മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് വൈകിട്ട് നാലിന് മുമ്പ് ഗസ്റ്റ് ഗൗസിൽ വന്ന് തന്നെ കാണണമെന്നും ഇല്ലെങ്കിൽ ഇങ്ങോട്ട് വരുമെന്നും അൻവർ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങൾ കുറെ ആളുകൾ ട്രൗസറിട്ട് നടക്കുന്നതല്ല ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും അൻവർ പറഞ്ഞു.
പിന്നാലെ,ഫേസ്ബുക്കിൽ വിശദീകരണവുമായി അൻവറെത്തി. വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ പരിപാടിക്കെത്തുന്ന ഇടത്തെല്ലാം എം.എൽ.എ വാഹനം തലയിൽ ചുമന്ന് നടക്കണമെന്നാണോ. ആണെങ്കിൽ അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസില്ലെന്നും അൻവർ കുറിച്ചു.
അതിനിടെ, വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. നിയമസഭയിൽ പറയാൻ വച്ച കാര്യങ്ങളാണെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് പറയുന്നതെന്നുംഅൻവർ കൂട്ടിച്ചേർത്തു. അതേ സമയം,മനുഷ്യന്റെ പ്രശ്നം കൂടി മനസ്സിലാക്കി വനംവകുപ്പിനെ കൂടുതൽ മനുഷ്യസൗഹൃദമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് ഉദ്ഘാടകനായ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം മാറ്റി
ഫേസ് ബുക്കിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം പി.വി.അൻവർ എം.എൽ.എ മാറ്റിയപ്പോൾ, നിലമ്പൂരിൽ ഇന്നലെ നടന്ന കെട്ടിട ഉദ്ഘാടനത്തിന്റെ വേദിയിലെ ഫ്ളക്സ് ബോർഡിൽ നിന്ന് അൻവറിനെ വനംവകുപ്പ് ഒഴിവാക്കി.
നേരത്തെ പുറത്തിറക്കിയ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, പി.വി.അബ്ദുൽ വഹാബ് എം.പി എന്നിവർക്കൊപ്പം അൻവറിന്റെ ചിത്രവുമുണ്ടായിരുന്നു. ഉദ്ഘാടനവേദിയിലെ ഫ്ലക്സ്ബോർഡിൽ മുഖ്യമന്ത്രിയും വനംമന്ത്രിയും മാത്രം ഇടംപിടിച്ചു. അൻവറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിലാണ് ഫ്ളക്സ് ബോർഡിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് ആക്ഷേപം.
താൻ ഉയർത്തിയ വിഷയങ്ങളിലെ പരസ്യ പ്രസ്താവനകൾ താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച രാത്രി 11ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം അൻവർ ഒഴിവാക്കിയത്. ജനങ്ങളുമായി ഇടപഴകുന്ന ചിത്രമാണ് പകരം നൽകിയത്.