* അഞ്ച് സബ് സ്റ്റേഷനുകൾ അടുത്ത മേയ് മാസത്തിനകം
* ഏഴ് സബ് സ്റ്റേഷനുകളിലെ ട്രാൻസ്ഫോർമർ ശേഷി ജനുവരിയോടെ കൂട്ടും
മലപ്പുറം: വേനൽക്കാലത്തെ ജില്ലയിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടുത്ത വേനലിനു മുമ്പ് തന്നെ നടപടികൾ പൂർത്തിയാക്കാൻ മന്ത്രി വി. അബ്ദുറഹ്മാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ വേനലിൽ സംഭവിച്ചതു പോലുള്ള വൈദ്യുതി വിതരണത്തിലെ പോരായ്മകൾ ഇല്ലാതാക്കാൻ സമയബന്ധിതമായ നടപടികൾ വേണമെന്ന് ജില്ലയിലെ വൈദ്യുതി വിതരണ പ്രസരണ പദ്ധതികൾ സംബന്ധിച്ച അവലോകന യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി നിർദ്ദേശം നൽകി. അടുത്ത വേനലിൽ ജില്ലയിലെ വിതരണ ശൃംഖല ഓഫാക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പു നൽകി.ജില്ലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള മലപ്പുറം പാക്കേജ് ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. നിർമ്മാണം പുരോഗമിക്കുന്ന വെന്നിയൂർ, കുന്നുംപുറം, ഊരകം ഇൻകെൽ 33 കെ.വി സബ് സ്റ്റേഷനുകൾ ഡിസംബറിൽ പൂർത്തിയാക്കും. കാടാമ്പുഴ, തിരുവാലി 110 കെ.വി സബ് സ്റ്റേഷനുകൾ അടുത്ത വർഷം മേയിൽ കമ്മിഷൻ ചെയ്യും.വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. മലപ്പുറം, തിരൂർ, പരപ്പനങ്ങാടി, എടരിക്കോട്, എടപ്പാൾ, കൂരിയാട്, മേലാറ്റൂർ സബ് സ്റ്റേഷനുകളിലെ ട്രാൻസ്ഫോർമറുകളുടെ ശേഷി അടുത്ത ജനുവരി മാസത്തിനകം വർദ്ധിപ്പിക്കും.
പ്രസരണ മേഖലയിൽ 41 കോടിയുടെ 12 പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. ഇവ മാർച്ചോടെ പൂർത്തിയാക്കും. ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ പി. ഉബൈദുള്ള, പി. അബ്ദുൽ ഹമീദ്, ടി.വി ഇബ്രാഹീം എന്നിവരും എം.എൽ.എ മാരായ പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ സജി പൗലോസ്, ചീഫ് എൻജിനീയർമാരായ എസ്. ശിവദാസ് (ട്രാൻസ്മിഷൻ നോർത്ത്), കെ.എസ് . രജിനി (ഡിസ്ട്രിബ്യൂഷൻ നോർത്ത്), ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരായ ടി.പി ഹൈദരലി (ട്രാൻസ്മിഷൻ, മലപ്പുറം), സുനിത ജോസ് (തിരൂർ സർക്കിൾ), ജയശ്രീ (മഞ്ചേരി സർക്കിൾ), എ.ഡി.എം എൻ.എം മെഹറലി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.