മലപ്പുറം: ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഹരിതപെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ കളക്ടർ ഇതുസംബന്ധിച്ച നിർദേശങ്ങൽ നൽകി.

ഹരിതകർമ്മസേനയ്ക്ക് യൂസർഫീസ് നൽകാതിരിക്കുകയും മാലിന്യം കൈമാറാതിരിക്കുകയും ചെയ്യുന്ന ഓഫീസുകളുടെ മേധാവിമാർക്കെതിരെ കർശന നടപടിയുണ്ടാകും. ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ നടപടി സ്വീകരിക്കണം. ഒക്ടോബർ 30ന് മുമ്പ് ഇ-വേസ്റ്റ്, ഉപയോഗശൂന്യമായ ഫർണിച്ചർ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കണം. നവംബർ ഒന്നിന് മുമ്പ് അവ ക്ലീൻ കേരള കമ്പനിക്ക് കൈമാറണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഓഫീസുകളിൽ ഭക്ഷണം പാഴ്സൽ കൊണ്ടുവരുന്ന രീതി ഉപേക്ഷിക്കണമെന്നും ഹരിതചട്ടങ്ങൾ മാതൃകാപരമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വമുണ്ടെന്നും കളക്ടർ പറഞ്ഞു. എൽ.എസ്.ജി.ഡി അസി. ഡയറക്ടർ പി.ബി ഷാജു, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ടി.വി.എസ്. ജിതിൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ എ.ആതിര, ഗ്രീൻ കേരള കമ്പനി അസി. മാനേജർ പി. മുജീബ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.