
നിലമ്പൂർ: പരസ്യ പ്രതികരണം പാടില്ലെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം അവഗണിച്ച് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പി.വി.അൻവർ എം.എൽ.എ. എ.ഡി.ജി.പിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തേയും പരിഹസിച്ചു. അജിത്കുമാർ കൊടുംക്രിമിനലാണെന്നും അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
പൊലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയാണ്. ഹെഡ്മാസ്റ്ററെ കുറിച്ചുള്ള കാര്യം പ്യൂൺ അന്വേഷിച്ച് ഹെഡ്മാസ്റ്റർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് പോലെയാണത്. ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.
ആർ.എസ്.എസിനു വേണ്ടി എല്ലാ കാര്യങ്ങളും അജിത്കുമാർ നടപ്പാക്കുന്നുണ്ട്. പൂരം കലക്കിച്ചത് എ.ഡി.ജി.പിയാണ്. ഇത് ചർച്ച ചെയ്യാൻ മാത്രമാവില്ല അദ്ദേഹം കണ്ടിട്ടാവുക. എ.ഡി.ജി.പിക്ക് ആർ.എസ്.എസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതു തന്നെ തമാശയാണെന്നും പറഞ്ഞു. അൻവറിന്റെ നിലപാടുകൾ ശത്രുക്കൾക്ക് പാർട്ടിയേയും സർക്കാരിനേയും അക്രമിക്കാനുള്ള ആയുധമായെന്നും അൻവർ തിരുത്തണമെന്നും ആവശ്യപ്പെട്ട് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നു.
തുടർന്ന് പാർട്ടി നിർദ്ദേശം അനുസരിക്കാൻ ബാദ്ധ്യസ്ഥനാണെന്നും പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.
'ചിലർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ സമയമെടുക്കും'
ചില ആളുകൾക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടണമെങ്കിൽ സമയമെടുക്കുമെന്ന് മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഇക്കാര്യങ്ങൾ മനസിലാവുന്നില്ലെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അൻവർ മറുപടി നൽകി. എ.ഡി.ജി.പിക്കെതിരെ നടപടി വേണമോയെന്നത് സർക്കാർ തീരുമാനിക്കട്ടെ. താൻ പാവപ്പെട്ടൊരു എം.എൽ.എ മാത്രമെന്നും പറഞ്ഞു.