മലപ്പുറം: അപകട ഭീഷണി നേരിടുന്ന മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടത്തിലെ ഒ.പി വിഭാഗം അടുത്ത മാസം ഒന്നിന് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റിസ്ഥാപിക്കാൻ ധാരണയായി. മരുന്നുകളും മറ്റും സൂക്ഷിക്കാനായുള്ള ഗോഡൗൺ ടൗൺ ഹാളിലും സജ്ജീകരിക്കും. അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗ് അധികൃതരുമായി മലപ്പുറം താലൂക്ക് ആശുപത്രി അധികൃതരും നഗരസഭാ ചെയർമാനും ഇന്നലെ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഈ മാസം തന്നെ അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗ് ഉടമകളിൽ നിന്ന് കരാർ ഒപ്പിട്ട് വാങ്ങി ആശുപത്രിയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. 50,000 രൂപയാണ് മാസവാടക നിശ്ചയിച്ചിരിക്കുന്നത്.കൊവിഡ് സമയത്ത് നഗരസഭയുടെ നേതൃത്വത്തിൽ മലപ്പുറം ടൗൺഹാളിൽ കൊവിഡ് ആശുപത്രി സജ്ജമാക്കിയിരുന്നു. അന്ന് ഉപയോഗിച്ച ഫർണിച്ചറുകളും കട്ടിലും ഇരിപ്പടങ്ങളുമെല്ലാം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റും. ദിനംപ്രതി 500ഓളം പേരാണ് ഒ.പിയിലെത്തുന്നത്.നിലവിൽ താലൂക്ക് ആശുപത്രിയിൽ ഒ.പി വിഭാഗം പ്രവർത്തിച്ച സ്ഥലത്ത് കിടത്തിച്ചികിത്സ ഒരുക്കും. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിസിൻ സർജറി വാർഡ്, കുട്ടികളുടെ വാർഡ് എന്നിവ സജ്ജമാക്കും. അപകട ഭീഷണി നേരിടുന്നതിനാൽ ഈ വിഭാഗങ്ങളിലേക്കുള്ള അഡ്മിഷൻ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ താലൂക്ക് ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒഫ്താൽമോളജി വിഭാഗത്തിൽ എക്സറേ യൂണിറ്റ് സ്ഥാപിക്കും.
പഴയ കെട്ടിടത്തിൽ അപകട ഭീഷണി ഇല്ലാത്ത ഭാഗത്ത് ഓപ്പറേഷൻ തിയേറ്ററും ഐ.സി.യുവും ഒരുക്കും. നേരത്തെ കിളിയമണ്ണിൽ ഓഡിറ്റോറിയവും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും രണ്ട് ലക്ഷം രൂപ വാടക ആവശ്യമായതിനാൽ പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ഒക്ടോബർ ഒന്നിന് മലപ്പുറം താലൂക്ക് ആശുപത്രിയിലെ അപകട ഭീഷണി നേരിടുന്ന വിഭാഗങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതോടെ താൽക്കാലിക പരിഹാരമാവും.
മുജീബ് കാടേരി, നഗരസഭാ ചെയർമാൻ