എടപ്പാൾ: ചുവപ്പുനാടയിൽ നിന്ന് കടന്ന് കിട്ടിയിട്ടും വിവാദങ്ങളൊഴിയാതെ തവനൂർ തിരുനാവായ മേൽപ്പാലം. പാലത്തിന്റെ അലൈയ്‌ൻമെന്റിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കനക്കുകയാണ്.
കെ. കേളപ്പന്റെ സ്മൃതി കുടീരം നശിപ്പിക്കുമെന്നും ത്രിമൂർത്തി ക്ഷേത്രങ്ങളെ വിഭജിച്ചാണ് നിലവിലെ അലൈൻമെന്റെന്നതും ഉയർത്തിയാണ് പാലത്തിനെതിരെ എതിർപ്പുകളുയരുന്നത്. മെട്രോമാൻ ഇ. ശ്രീധരൻ പാലത്തിന്റെ അലൈയ്ൻമെന്റ് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 10 ശതമാനം ചെലവ് കുറയ്ക്കാവുന്ന പുതിയ അലൈൻമെന്റും ഇ. ശ്രീധരൻ സർക്കാരിനും കോടതിയ്ക്കും മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയ്ക്കെതിരെ ആചാര സംരക്ഷണ സമിതിയും ബി.ജെ.പിയും രംഗത്തുണ്ട്.
2008ലെ സംസ്ഥാന ബഡ്ജറ്റിൽ 29.8 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിരുന്നു. മണ്ണ് പരിശോധനയും അനുബന്ധ റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലം അടയാളപ്പെടുത്തലും ആരംഭിച്ചതോടെ ജനകീയ പ്രതിഷേധമുയർന്നു. നടപടികൾ നിലച്ചു. 2012ൽ കെ.ടി. ജലീൽ എം.എൽ എയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി യോഗം വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. 2021ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു.
കിഫ്ബി വഴി 48.88 കോടി രൂപയാണ് നിലവിൽ പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കമ്പനിയ്ക്ക് സർക്കാർ അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ മാസം നിർവഹിച്ചു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ പാലം നിർമ്മാണമായാണ് ഈ പദ്ധതി കേരള സർക്കാർ നടപ്പിലാക്കുന്നത്. അൾട്രാ ഹൈ പെർഫോർമൻസ് ഫൈബർ റീ ഇൻഫോഴ്സ് കോൺക്രീറ്റ് ആണ് പദ്ധതിയിൽ. ഇതു പ്രകാരം പാറയും മണലും ഇരുമ്പും നിർമ്മാണത്തിൽ പരമാവധി കുറയും.
ഇതിലൂടെ 30 ശതമാനം ചെലവ് കുറയും.
അപ്രോച്ച് റോഡുകൾ ഉൾപ്പെടെ 1180 മീറ്ററാണ് നീളം . 11 മീറ്റർ വീതിയും പാലത്തിന്റെ ഇരുവശത്തുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. തീർത്ഥാടനം ഉദ്ദേശിച്ചാണ് നടപ്പാത തയ്യാറാക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ തിരുനാവായ വഴി എത്തുന്നവർക്ക് ദേശീയപാതയിലേയ്ക്ക് വേഗത്തിൽ എത്താനാകും.
വർഷങ്ങളായുള്ള ആവശ്യം
മാമാങ്കഭൂമിയും സർവ്വോദയ ഭൂമിയും തമ്മിൽ ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. തിരുനാവായ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് പി . കുഞ്ഞിമുഹമ്മദ് ഹാജി ഭാരതപ്പുഴയുടെ കരയിൽ ഈ ആവശ്യം ഉയർത്തി പ്രതീകാത്മക ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്. സർവ്വോദയ മേളയോടനുബന്ധിച്ച് ശാന്തിയാത്രയ്ക്കായി 1954 മുതൽ 57 വരെ താത്കാലിക പാലം നിർമ്മിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് താത്കാലിക പാലത്തിനായി വർഷാവർഷം ഫണ്ട് അനുവദിച്ചു പോന്നു.
ബലിതർപ്പണത്തിന് പ്രസിദ്ധമായ തിരുനാവായ നവാമുകുന്ദ ക്ഷേത്രവും എതിർ കരയായ തവനൂരിൽ ബ്രഹ്മാവിന്റെയും ശിവന്റേയും ക്ഷേത്രങ്ങളാണ്. ഹൈന്ദവ വിശ്വാസ പ്രകാരം ഇതിനെ ത്രിമൂർത്തി സംഗമമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്ര പരിസരത്തെ നദീജലത്തെ കാശിയ്ക്ക് സമമായി വിശ്വാസികൾ കണക്കാക്കുന്നു. പുഴ കടക്കാനാവാത്തതിനാൽ നവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന ഭക്തർ ബ്രഹ്മശിവക്ഷേത്രങ്ങളിലേയ്ക്ക് നോക്കി തൊഴുകയാണ്. ഏഴു വർഷത്തോളം കടത്ത് സർവ്വീസ് നടത്തിയിരുന്നു. എന്നാൽ താനൂർ ബോട്ട് അപകട പശ്ചാത്തലത്തിൽ അനുമതി നൽകാതായയോടെ ഇതും നിലച്ചു.
കേരളഗാന്ധി എന്ന് അറിയപ്പെടുന്ന കെ .കേളപ്പന്റെ സ്മൃതിമണ്ഡപം തവനൂരിലെ ബ്രഹ്മാവിന്റെയും ശിവന്റെയും ക്ഷേത്രത്തിന് മദ്ധ്യേയാണ് സ്ഥിതി ചെയ്യുന്നത്. ഇത് സംരക്ഷിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല.
സ്വാതന്ത്രസമര ചരിത്ര സ്മാരകങ്ങൾ, യുഗപ്രഭാവനായ കേളപ്പജിയുടെ സ്മൃതി കുടീരം, ചിരപുരാതനമായ പൈതൃകങ്ങളെ തകർത്തുകൊണ്ടുള്ള പാലം നിർമ്മാണം എന്നിവ ചില ഗൂഢശക്തികളുടെ ഇടപെടലുകൾ കാരണമാണെന്ന് സംശയിക്കുന്നു. ഇതിൽ സർക്കാർ ഇടപെടൽ അനിവാര്യമാണ്. ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശം നടപ്പാക്കിയാൽ ചരിത്രത്തെ സംരക്ഷിച്ചു കൊണ്ട് ചെലവ് കുറഞ്ഞ പാലം നിർമ്മിക്കാനാവും.
കെ.പി രവീന്ദ്രൻ
( ബി. ജെ. പി സംസ്ഥാന കൗൺസിൽ അംഗം)
തവനൂരിന്റെ സർവോന്മുഖമായ വികസനത്തിന് വഴിയൊരുക്കാൻ പോകുന്ന വികസനപദ്ധതിക്കെതിരെ എതിർ ശബ്ദമുയരുമെന്ന് കരുതിയതല്ല. മെട്രോമാൻ ഇ. ശ്രീധരനെ മുൻനിറുത്തി പദ്ധതി തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന ഈ ഇടപെടലുകൾ നീതികരിക്കാനാവില്ല. അലൈൻമെന്റ് മാറ്റണമെങ്കിൽ പറയാൻ എത്രയോ സമയമുണ്ടായിരുന്നു.
ഇപ്പോഴുള്ള ഇടപെടൽ വർഗ്ഗീയ ധ്രുവീകരണത്തിനാണ്. അതിന് മുൻപിൽ തോൽക്കാൻ തവനൂരിന്റെ മതനിരപേക്ഷ മനസ്സ് തയ്യാറല്ല.
ടി.വി. ശിവദാസ്
(തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)
തവനൂർ തിരുനാവായ പാലമെന്നത് നാടിന്റെ ഏറെ നാളത്തെ ആവശ്യമാണ്. പാലത്തിന്റെ വരവോടെ സർവ്വോദയ മേളയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനാകും. ത്രിമൂർത്തി സംഗമ തീർത്ഥാടനത്തിന് വഴിയൊരുക്കും . കേരളഗാന്ധി എന്ന കെ. കേളപ്പന്റെ സ്മൃതി മണ്ഡപത്തെ സംരക്ഷിച്ചാവണം പദ്ധതി. അല്ലെങ്കിൽ സർക്കാർ ചരിത്രത്തോട് ചെയ്യുന്ന ചതിയാകും. പാലത്തിന്റെ അലൈൻമെന്റുകൾ 2008ലേതിൽ നിന്ന് മാറിയത് ഭൂമാഫിയകൾക്ക് വേണ്ടിയാണോ എന്ന് പരിശോധിക്കപ്പെടണം.
ഇ.പി. രാജീവ്
(ഡി.സി.സി ജനറൽ സെക്രട്ടറി)