പരപ്പനങ്ങാടി: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തമ്പുരാക്കന്മാരോ രാജാവോ അല്ലെന്ന വിമർശനവുമായി സി.പി.ഐ നേതാവ് നിയാസ് പുളിക്കലകത്ത്. ഫേസ് ബുക്കിലായിരുന്നു വിമർശനം. പോസ്റ്റ് പിന്നീട് പിൻവലിച്ചു. പാർട്ടി തീരുമാനപ്രകാരമാണ് പോസ്റ്റ് പിൻവലിച്ചതെന്ന് നിയാസ് പറഞ്ഞു.
ജനങ്ങളാണ് തങ്ങളുടെ ശക്തിയെന്ന് അവരാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തിരിച്ചറിയണം. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ പാർട്ടിയെയോ മുന്നണിയെയോ ഒറ്റുകൊടുക്കുന്നത് ശരിയല്ല. ജനങ്ങളുടെ വികാരത്തിന് വില കൽപ്പിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്നും നിയാസ് അഭിപ്രായപ്പെട്ടു . അന്വേഷിക്കേണ്ട കാര്യങ്ങൾ അന്വേഷിക്കുക തന്നെ വേണം- ഇങ്ങനെ പോകുന്നു പോസ്റ്റ്. പിൻവലിച്ചെങ്കിലും തന്റെ അഭിപ്രായം തന്നെയാണ് പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നതെന്ന് നിയാസ് പറയുന്നു.
മുഖ്യമന്ത്രിക്കെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കിടയിലാണ് പ്രതികരണം. കോൺഗ്രസ് നേതാവായിരുന്ന നിയാസ് പുളിക്കലകത്ത് ഇടതു സ്വതന്ത്രനായി തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ മത്സരിച്ചിരുന്നു. പിന്നീട് സി.പി.ഐയിൽ ചേർന്നു. സംസ്ഥാന കൗൺസിൽ അംഗവും കിസാൻസഭ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ് നിയാസ് പുളിക്കലകത്ത്.