news
പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുന്ന യുവാവ്‌

പൊന്നാനി : പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചൊവ്വാഴ്ച രാത്രി 10.55നായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീർ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാൻ ഡോക്ടർ നിർദ്ദേശിച്ചു. യുവാവിന്റെ നിർബന്ധത്തെ തുടർന്ന് ഡോക്ടർ വിറ്റാമിൻ ഗുളിക എഴുതി നൽകി. കുറിപ്പുമായി പുറത്ത് പോയ ശേഷം തിരികെയെത്തിയ യുവാവ് കത്തി പുറത്തെടുത്ത് തനിക്ക് ഡോസ് കൂടിയ മരുന്ന് തന്നെ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാനുള്ള കുറിപ്പടി നൽകിയതോടെ ഇയാൾ പോയി. രാത്രി രോഗികളുള്ള സമയത്തായിരുന്നു സംഭവം. മൂന്നു ദിവസമായി ഇതേ ആവശ്യവുമായി ഇയാൾ ആശുപത്രിയിലെത്തിയിരുന്നതായി പറയപ്പെടുന്നു. ഇയാൾ ലഹരിയ്ക്കടിമയാണെന്ന് സംശയിക്കുന്നതായി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് അറിയിച്ചു. സി. സി. ടി. വി. ദൃശ്യങ്ങളിൽ നിന്നും പ്രതിയെകുറിച്ച് സൂചനകൾ ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു