heart

നാളെ ലോക ഹൃദയ ദിനം. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന അവയവമായ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവൻ അവബോധം പകരാനാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഒരു വർഷം 1.7 കോടിയിലധികം ആളുകളാണ് ഹൃദയ സംബന്ധമായ അസുഖങ്ങളാൽ മരണപ്പെടുന്നത്. ആധുനിക കാലത്തിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും മാറിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ പ്രായമായവരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടുരുന്നതെങ്കിൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിൽ പോലും പിടിപെടുന്നുണ്ട്. കൊളസ്‌ട്രോൾ, പ്രമേഹം, ഉയർന്ന രക്ത സമ്മർദം, പുകവലി, മാനസിക സമ്മർദ്ദം, ജനിതക ഘടന, പാരമ്പര്യം, ലിഗം, പ്രായം എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ. സാധാരണ സ്ത്രീകളേക്കാൾ കൂടുതലായി പുരുഷന്മാരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

ഹൃദയത്തിനേൽക്കുന്ന

മുറിവുകൾ
ഹൃദ്രോഗത്തിന് പ്രധാന കാരണങ്ങളാകുന്ന ജനിതക ഘടന, പാരമ്പര്യം, ലിഗം, പ്രായം എന്നിവ നിയന്ത്രണാതീതമല്ലെങ്കിലും കൊളസ്‌ട്രോൾ, പ്രമേഹം, ഉയർന്ന രക്ത സമ്മർദം, പുകവലി എന്നിവ നിയന്ത്രിച്ചാൽ രോഗത്തെ അകറ്റി നിറുത്താനാകും. ജീവിതശൈലീ രോഗങ്ങൾ തിരിച്ചറിയാനുള്ള മെഡിക്കൽ ചെക്കപ്പുകളെക്കുറിച്ചും പലരും അജ്ഞരാണ്. 15മുതൽ 20 വയസിനുനിടയിൽ ഇത്തരം പരിശോധനകൾ നടത്തി രോഗസാദ്ധ്യത മനസിലാക്കേണ്ടതുണ്ട്. ഇവ നിശബ്ദ കൊലയാളികളാണെന്ന യാഥാർത്ഥ്യം അറിയാമായിരുന്നിട്ടും പ്രായമായിക്കഴിയുമ്പോൾ മാത്രമാണ് പരിശോധന നടത്താൻ തയ്യാറാവുന്നത്.
നടക്കുമ്പോഴേ സംസാരിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ എല്ലാം കുഴഞ്ഞു വീണുള്ള മരണവാർത്തകളെപ്പറ്റിയും നമ്മൾ കേൾക്കാറുണ്ട്. മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം പെട്ടന്ന് നിലയ്ക്കുന്നതാണ് ഇത്തകം മരണങ്ങളുടെ കാരണം, ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുമ്പോഴോ മസ്തിഷ്‌കത്തെ ബാധിക്കുമ്പോഴോ ഹൃദയത്തിന്റെ രക്ത ചംക്രമണം ഒരുനിമിഷം താളം തെറ്റിയാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്യും. അതിവേഗം ഹൃദയത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാൻ സാധിച്ചില്ലെങ്കിൽ അപകടത്തിലേക്ക് നയിക്കും.
വ്യായാമങ്ങളും ഹൃദയത്തിന്റെ പ്രവർത്തനം അതേപടി നിലനിറുത്താനുള്ള വ്യായാമങ്ങളും ഡയറ്റും മാത്രമേ പാടുള്ളു. ശരീരത്തിനും ഹൃദയത്തിനും എന്താണ് ആവശ്യം എന്ന മനസിലാക്കി വേണം ആരോഗ്യ സംരക്ഷണം ചെയ്യാൻ. അതിന് ഡോക്ടറുടേയും പരിശീലകന്റെയും സഹായം തേടാം. കൊവിഡിന് ശേഷം ഹൃദ്രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. ഇക്കാലയളവിൽ ദീർഘ കാലം വീടിനകത്തളങ്ങളിൽ മാത്രം നിയന്ത്രണങ്ങളോടെ കഴിയേണ്ടി വന്നതിനാൽ പലരിലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടതാണ് കാരണം.

കരുതലേകാം

ഹൃദയത്തിന്...

ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണ ശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യത്തിന് പൂർണ്ണ സംരക്ഷണമേകാനാകും. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഹൃദയത്തെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന നിർദ്ദേശമായി വിദഗ്ദ്ധ‍ർ പറയുന്നത് പുകവലി പൂർണ്ണമായും ഉപേക്ഷിക്കുകയെന്നതാണ്. പുകവലിയില്ലാത്തവരിലും പുകവലിക്കുന്നവരുടെ അടുത്തു നിന്ന് പരമാവധി അകന്ന് നിൽക്കണം. കാരണം പാസീവ് സ്‌മോക്കിംഗ് മൂലമുള്ള ഹൃദ്രോഗ നിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തിനു പുറമേ, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും.
ഇതു കൂടാതെ ചിട്ടയായ ഡയറ്റ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്സ്, സോഫ്റ്റ് ഡ്രിംഗ്സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങൾ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയിൽ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണ ക്രമത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. അതുപോലെ ഹൃദയാരോഗ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. കൂടാതെ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
ഉറങ്ങാതിരിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ മതിയായ ഉറക്കം ലഭ്യമാക്കുക. മുതിർന്നവർ ഒരു ദിവസം 7മുതൽ 8 മണിക്കൂർ വരെയും കുട്ടികൾ 8മുതൽ 9 മണിക്കൂർ വരെയും ഉറങ്ങണം. സ്ഥിരമായി ആറ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരിൽ ഹൃദയാഘാതം, ഹൃദയ ധമനിയിൽ ബ്ലോക്ക് എന്നീ പ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യയേറെയാണ്.
പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ ശ്രമിക്കുക. ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെ അകറ്റാൻ ഒരു പരിധി വരെ സഹായിക്കും. അതുവഴി ഹൃദയത്തിനും സംരക്ഷണമൊരുക്കും.
മദ്യപാനം അമിതമായാൽ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാൽ മദ്യപാനം ഒഴിവാക്കുക. ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം നിർബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയർക്കുന്ന വിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യാം. നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമ മുറകളാണ് തിരഞ്ഞെടുക്കേണ്ടത്.

ഇന്ന് ഭൂരിഭാഗം പേരും തിരക്കേറിയ ജീവിതം നയിക്കുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ നമ്മളിൽ പലരും മറക്കുന്നുണ്ട്. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ഹൃദയത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന കാര്യം അവഗണിക്കാതെ മുന്നോട്ട് പോകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.