
തിരൂരിൽ മാലിന്യസംസ്കരണം നിലച്ചു
തിരൂർ: നഗരസഭയിലെ മാലിന്യ സംസ്കരണ പ്ളാന്റിൽ കുന്നുകൂടിക്കിടക്കുന്നത് ടൺ കണക്കിന് മാലിന്യം. പ്രദേശവാസികൾക്ക് ഇത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല. പ്ലാസ്റ്റിക് കവറുകളിലാക്കി നിറച്ച മാലിന്യങ്ങൾ പൊറ്റിലത്തറയിലെ അരയേക്കറോളം വരുന്ന പ്ളാന്റിൽ പത്തടിയോളം ഉയരത്തിൽ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്. ഇടയ്ക്കിടെ ഇവയ്ക്ക് തീ പിടിച്ച് പുകയുയരുന്നത് പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മേയ് മാസത്തിൽ ഇവിടെയുണ്ടായ തീപിടിത്തം മൂന്നു ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് കെടുത്തിയത്. പരിസരത്ത് മുഴുവൻ പുക പടർന്നത് പരിസരവാസികൾക്ക് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു.
ഹരിത കർമ്മസേനാ അംഗങ്ങൾ മുനിസിപ്പാലിറ്റി പരിധിയിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളെത്തിക്കുന്നത് പൊറ്റിലത്തറ പ്ലാന്റിലാണ്. ഖരമാലിന്യവും മറ്റു പാഴ്‌വസ്തുക്കളും വേർതിരിച്ച് സംസ്കരിച്ച് വളമാക്കും. സംസ്കരിക്കാനാവാത്ത പാഴ്‌വസ്തുക്കൾ ചിട്ടപ്പെടുത്തി സ്വകാര്യ സ്ഥാപനത്തിന് വിൽക്കും. അൻപത് രൂപ ഈടാക്കി വീടുകളിൽ നിന്നെടുക്കുന്ന മാലിന്യങ്ങളാണ് പ്ലാന്റിൽ കുന്നുകൂടിക്കിടക്കുന്നത്.
ഒരു ദിവസത്തെ മാലിന്യം തന്നെ ഏകദേശം ഒരു ടണ്ണോളം വരും. മാസങ്ങളായി മാലിന്യ സംസ്കരണവും പാഴ്‌വസ്തുക്കൾ കയറ്റിയയക്കുന്നതും നിലച്ചിട്ട്. മേയിലുണ്ടായ തീപിടിത്തത്തിൽ കത്തിക്കരിഞ്ഞ മാലിന്യങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങൾക്കൊപ്പം ഇപ്പോഴും ഇവിടെ കിടക്കുന്നുണ്ട്.
പുതിയത് ഇറക്കാനാവുന്നില്ല
നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ ദിവസേന എടുക്കുന്ന മാലിന്യങ്ങൾ കൊണ്ടിറക്കാനാവാത്ത സാഹചര്യമുണ്ട്.
മാലിന്യം കെട്ടിക്കിടക്കുന്നതിന് പരിഹാരം കണ്ടില്ലെങ്കിൽ വാർഡുകളിലെയും നഗരത്തിലെയും മാലിന്യങ്ങൾ ശേഖരിക്കുന്നത് താത്കാലികമായി നിറുത്തി വയ്ക്കേണ്ട അവസ്ഥയുണ്ടാവും. അങ്ങനെ വന്നാൽ നഗരം മാലിന്യക്കൂമ്പാരമായി മാറും.
തിരൂർ മാർക്കറ്റ്, മത്സ്യമാർക്കറ്റ്, ഗൾഫ് മാർക്കറ്റ്, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ വരും
അടുത്ത തീപിടിത്തം എന്ന്
അടുത്ത തീപിടിത്തത്തിനുള്ള സാഹചര്യമൊരുങ്ങിയോയെന്ന ആശങ്കയിലാണ് പരിസരവാസികൾ
വർഷങ്ങളായി തുടരുന്ന അജ്ഞാത തീപിടിത്തം ഉടനെ പ്രതീക്ഷിക്കാമെന്ന് നാട്ടുകാർ പറയുന്നു. മുനിസിപ്പാലിറ്റി ആരുഭരിച്ചാലും വർഷത്തിൽ രണ്ട് പ്രാവശ്യം തീപിടിത്തം ഉറപ്പാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.