nilambur
പി.വി.അൻവറിനെതിരെ നിലമ്പൂരിലെ വീടിന് മുന്നിൽ സ്ഥാപിച്ച ഫ്ളക്സ്

മലപ്പുറം: പി.വി.അൻവർ എം.എൽ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സുകൾ. തുവ്വൂർ, നിലമ്പൂർ, എടക്കര എന്നിവിടങ്ങളിലാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. നിലമ്പൂരിലെ അൻവറിന്റെ വീടിന് മുന്നിൽ സി.പി.എം ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ഫ്ളക്സിൽ 'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്' എന്നാണ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ചിത്രമാണ് ഇതിലുള്ളത്.

മുഖ്യമന്ത്രിയെ ആക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. 'എന്റെ വീടിന് മുന്നിലല്ല പറമ്പിലാണ് സി.പി.എം ഫ്ളക്സ് വച്ചിരിക്കുന്നത്. അത് എന്റെ പറമ്പിൽ തന്നെ ഇരിക്കട്ടെ' എന്നാണ് വാർത്താസമ്മേളനത്തിനിടെ അൻവർ പ്രതികരിച്ചത്.എടക്കരയിൽ അൻവറിനെതിരെ ഡി.വൈ.എഫ്.ഐയും ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റുകൊടുക്കുന്ന വർഗ വഞ്ചകൻ എന്നാണ് അൻവറിനെ വിശേഷിപ്പിച്ചത്. ഇതിനിടെ, അൻവറിനെ പിന്തുണച്ച് അഭിവാദ്യം അർപ്പിച്ച് തുവ്വൂർ ടൗണിലും നിലമ്പൂരിലും ഫ്ളക്സ് ബോർഡുകൾ ഉയർന്നു. ലീഡർ കെ.കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിൽ തുവ്വൂർ ടൗണിൽ സ്ഥാപിച്ച ഫ്ളക്സിൽ പി.വി.അൻവർ എം.എൽ.എയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് എഴുതിയിരിക്കുന്നത്. നിലമ്പൂരിൽ മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്ന് പറഞ്ഞ് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയാണ് ഫ്ളക്സ് സ്ഥാപിച്ചത്. അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്നും എ.ഡി.ജി.പി-ആർ.എസ്.എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ബോർഡിലുണ്ട്. സ്വർണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ളക്സ് ബോർഡിൽ പറയുന്നു.