
മലപ്പുറം: സ്വർണക്കടത്തിൽ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.വി. അൻവർ. സിറ്റിംഗ് ജഡ്ജിയെ വയ്ക്കണം. അത് കോടതി തീരുമാനിക്കണം. തനിക്കെതിരായ ആരോപണവും അന്വേഷിക്കട്ടെ. ജുഡിഷ്യറിയിൽ മാത്രമേ ഇനി വിശ്വാസമുള്ളൂ.
മുഖ്യമന്ത്രി ഡൽഹിയിൽ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. അതില്ലാത്തതിനാൽ എനിക്ക് പേടിയില്ല. അജിത്കുമാർ എഴുതിക്കൊടുത്ത തിരക്കഥ വായിച്ച് കുന്തമുന എനിക്ക് നേരെ തിരിച്ചുവിട്ടു. അതല്ല സത്യം.
എന്റെ പാർക്ക് പൂട്ടിയിട്ട് ഏഴ് കൊല്ലമായി. ജിയോളജിക്കൽ സർവേ റിപ്പോർട്ടനുസരിച്ച് പാർക്ക് ദുരന്ത മേഖലയിലല്ല. മുഖ്യമന്ത്രിയുടെ മേശയിലാണ് ഈ റിപ്പോർട്ട്. അത് അവിടെ ഇരിക്കുമ്പോഴാണ് ഇതെല്ലാം പറഞ്ഞത്. വേണമെങ്കിൽ എല്ലാം ശരിയായിട്ട് പറയാമായിരുന്നു.
വലിയൊരു ആപത്തിലേക്കാണ് കേരളത്തെ യൂട്യൂബർമാർ കൊണ്ടുപോവുന്നത്. സ്‌നേഹം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇതൊന്നും വിഷയമാക്കാതെ കോഴി ബിരിയാണിയും കഴിച്ച് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കിൽ ഞാൻ എന്റെ വഴിക്ക് പോവും. വീടിന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ട് മറുപടിയില്ല. തോക്ക് ലൈസൻസ് കിട്ടുമെന്ന് ഉറപ്പില്ല. ഞായർ വൈകിട്ട് നിലമ്പൂരിലെ ജനങ്ങളോട് സംസാരിക്കും.
സ്വാഗതം ചെയ്യുന്നവർക്ക് എന്നെ സ്വാഗതം ചെയ്യാം. ഈ തീവണ്ടി ഇങ്ങനെ പോകും, എല്ലാ കോച്ചും ഫ്രീയാണ് - കെ.സുധാകരൻ സ്വാഗതം ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോൾ അൻവർ പറഞ്ഞു.
മുന്നണി വിട്ടെന്നത്
നാക്കുപിഴ
എൽ.ഡി.എഫ് വിട്ടുവെന്ന് മനസു കൊണ്ടുപറഞ്ഞിട്ടില്ല. അത് നാക്കുപിഴയാണ്. പാർലമെന്ററി പാർട്ടി മീറ്റിംഗിനില്ലെന്നാണ് പറഞ്ഞത്. മാറിനിൽക്കാൻ കത്ത് കിട്ടും വരെ തുടരും
നിലവിലെ രീതിയിൽ പാർട്ടി മുന്നോട്ടുപോയാൽ 2026ൽ കെട്ടിവച്ച കാശ് കിട്ടാത്തവരുണ്ടാകും. 20-25 സീറ്റിന് മേലെ എൽ.ഡി.എഫിന് വിജയിക്കാനാവില്ല
എട്ട് കൊല്ലത്തിനിടയ്ക്ക് സർക്കാരിന്റെ ചെലവിൽ ഒരു പാരസെറ്റാമോൾ പോലും വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനമുള്ളവരും ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നു
സർക്കാരിന്റെ ഒരു ആനുകൂല്യവും വേണ്ട. ഒരു നീതിയും കിട്ടാത്തത് ന്യൂനപക്ഷങ്ങൾക്കും സഖാക്കൾക്കുമാണ്