cpm

മലപ്പുറം: ജനപിന്തുണയുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി.അൻവർ. മലപ്പുറത്തെ 16 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. കർഷകരുടെ പ്രശ്നമേറ്റെടുക്കും. ഇനി തനിക്ക് പരിമിതികളില്ല. ആരെയും പേടിക്കേണ്ട. പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇനി ഞാൻ തീപ്പന്തമാകും.

സാധാരണ പാർട്ടിക്കാർക്ക് ഒപ്പമാണ് താൻ. ആർക്കൊപ്പം വേണമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെ. 2016ൽ സി.പിഎം ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. ജീപ്പിൽ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും.യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പൊതുപ്രശ്നങ്ങളുമായി ആളുകൾ സി.പി.എം ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ്. വന്നിട്ട് കാര്യമില്ലെന്ന് അവർക്കറിയാം.

പ്രവർത്തകർക്കും പ്രാദേശിക നേതാക്കൾക്കും പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ കഴിയുന്നില്ല. കപ്പൽ ഒന്നായി മുങ്ങാൻ പോവുകയാണ്. കപ്പൽ ദുർബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ശ്രമിച്ചത്. ആ തന്നെ കപ്പൽ മുക്കാൻ വന്നവൻ എന്ന രീതിയിലാണ് കണ്ടത്.

മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ അൻവർ പരിഹസിച്ചു. സ്വാതന്ത്ര്യമുണ്ടെന്നത് പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ,​ അതു നടക്കാറില്ല. അഭിപ്രായം പറഞ്ഞാൽ വിവരമറിയും. ഉൾപാർട്ടി ജനാധിപത്യം ഇ.എം.എസിന്റെയും എ.കെ.ജിയുടെയും നായനാരുടെയും കാലത്ത് പ്രാവർത്തികമായിരുന്നു.

ഗോവിന്ദന്റെ ഭാഷയേയും അൻവർ പരിഹസിച്ചു. അദ്ദേഹത്തിന്റെ മലയാളം എനിക്ക് അറിയില്ല. എനിക്ക് ആ പാർട്ടിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞല്ലോ? അച്ചടിഭാഷയെന്ന് പറഞ്ഞ് മാഷെ കളിയാക്കുകയല്ല.

പിണറായിയിൽ ചോർന്നിട്ടും പഠിച്ചില്ല

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനം നൽകിയ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നില്ല. പിണറായിയിൽ അടക്കം വോട്ട് ചോർന്നു. പാർട്ടിയോടുള്ള വിരോധമാണ് പ്രതിഫലിച്ചത്. വടകരയിൽ തോറ്റത് കെ.കെ. ശൈലജയുടെ കുഴപ്പം കൊണ്ടല്ല,​ പാർട്ടി സഖാക്കൾ വോട്ട് മറിച്ച് പ്രതിഷേധിച്ചതാണ്. എനിക്ക് കമ്മ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ ഏഴാംകൂലിയായ താൻ നടത്തിയ അന്വേഷണം പോലും പാർട്ടി നടത്തിയിട്ടില്ല. അത് നടത്താതെ തന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല.

ചവിട്ടിപ്പുറത്താക്കിയതുകൊണ്ട് പുറത്തുപോവില്ല. ഞാൻ ആദ്യമേ പാർട്ടിക്ക് പുറത്താണ്. നിറുത്തില്ല, പറഞ്ഞുകൊണ്ടേയിരിക്കും. കാവൽക്കാരനായി,​ റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ഞാൻ നിൽക്കും. കോക്കസിലില്ലാത്തവർ എനിക്കൊപ്പം നിൽക്കും. രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകൾക്ക് എതിരെയാണ് സംസാരിക്കുന്നത്.