
മലപ്പുറം: മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച പി.വി.
അൻവറിനെതിരെ നിലമ്പൂരിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കൊലവിളി മുദ്രാവാക്യങ്ങളടക്കം ഉയർത്തി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ.
'പി.വി.അൻവർ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.എം ഒന്നുപറഞ്ഞാൽ, ഗോവിന്ദൻ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ, കൈയും കാലും വെട്ടിയരിഞ്ഞ് ചാലിയാർ പുഴയിൽ കൊണ്ടിടും' എന്നാണ് അൻവറിന്റെ നിയോജക മണ്ഡലമായ നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് പിന്നാലെ അവറിന്റെ കോലവും കത്തിച്ചു. ഏരിയാ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി അൻവറിന്റെ ഫോട്ടോ ഉൾപ്പെടുത്തി നിലമ്പൂർ നഗരത്തിൽ വ്യാപകമായി പതിപ്പിച്ച പോസ്റ്ററുകളെ സാക്ഷിയാക്കിയായിരുന്നു ഈ പ്രകടനങ്ങൾ.
'നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായം' എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു അൻവറിന്റെ നാടായ എടവണ്ണയിലെ പ്രകടനം. അൻവർ കുലംകുത്തിയാണെന്നും തെമ്മാടിയാണെന്നും മുദ്രവാക്യം വിളിച്ചു. പൊന്നേ എന്ന് വിളിച്ച നാവിൽ പോടാ എന്ന് വിളിക്കാനറിയാം, കക്കാനും മുക്കാനും വൺമാൻഷോ നടത്താനും പാർട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ വന്നപ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞെന്നും മുദ്രാവാക്യങ്ങളുയർന്നു.
എടക്കരയിലും മലപ്പുറത്തും പി.വി.അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. മലപ്പുറത്തെ പ്രകടനം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.സി.ജോർജ് എന്ന മദയാനയുടെ അനുഭവമാണ് അൻവറിന് വരാനിരിക്കുന്നതെന്ന് മോഹൻദാസ് പറഞ്ഞു. വണ്ടൂർ, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, വളാഞ്ചേരി, വേങ്ങര, അരീക്കോട്, വള്ളിക്കുന്ന്, കൊണ്ടോട്ടി, തിരൂർ, താനൂർ, തവനൂർ, പൊന്നാനി, എടപ്പാൾ, തിരൂരങ്ങാടി മേഖലകളിലും പ്രതിഷേധ പ്രകടനം നടന്നു.