
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ സിവിൽ സ്‌റ്റേഷനകത്തെത്തി പൊതുശൗചാലയങ്ങൾ അന്വേഷിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വൃത്തിയുള്ള ഒരു സൗകര്യവും ഇവിടെയില്ല. കളക്ട്രേറ്റിന്റെ എതിർവശത്തായി പൊതുശൗചാലയങ്ങൾ ഉണ്ടെങ്കിലും ചുറ്റും കാടുമൂടിയ അവസ്ഥയാണ്. കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. അതുകൊണ്ട് തന്നെ ഭീതിയോടെയല്ലാതെ ഇവിടേക്ക് പ്രവേശിക്കാനാവില്ല. ടോയ്ലറ്റിനകമാണെങ്കിൽ വൃത്തിഹീനവും. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച വികലാംഗർക്കുള്ള പ്രത്യേക ടോയ്ലറ്റ്,ഷീ ടോയ്ലറ്റ് അടക്കമുള്ളവയുടെ അവസ്ഥയും സമാനം. വാട്ടർടാങ്കുകളുണ്ടെങ്കിലും പലപ്പോഴും വെള്ളം ലഭ്യമാകാറുമില്ല.
പല ശൗചാലയങ്ങളുടെയും വാതിൽ അടയ്ക്കാൻ സാധിക്കാത്ത നിലയിലാണ്. ജീവനക്കാർ ഉപയോഗിക്കുന്നവ പൊതുജനങ്ങൾക്ക് അനുവദനീയമല്ല.
പുഴുക്കൾ നിറഞ്ഞ് ഓഫീസുകൾ
സിവിൽ സ്റ്റേഷനകത്ത് പുഴു ശല്യവും രൂക്ഷമാണ്. സാമൂഹിക നീതി ഓഫീസിലാണ് പ്രധാനമായും പുഴു ശല്യമുള്ളത്. ഇവിടെയുള്ള വലിയ തേക്ക് മരത്തിൽ നിന്നാണ് പുഴുക്കൾ ഊർന്നിറങ്ങുന്നത്. ഓഫീസിനകവും പുഴുക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. തറയിലും ഇരിപ്പിടങ്ങളിലും ഫയലുകൾക്ക് മുകളിലും പുഴുക്കളെ കാണാം.
രാവിലെ ഓഫീസിലെത്തുമ്പോൾ പുഴുക്കൾ നിറയുന്നതിനാൽ ജോലി ഏറെനേരം തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്.
പുഴു വരാതിരിക്കാനുള്ള മരുന്നുകൾ പ്രയോഗിക്കുകയോ അല്ലാത്തപക്ഷം ശിഖരങ്ങൾ വെട്ടിമാറ്റുകയോ ചെയ്താൽ ഒരുപരിധി വരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് ഇവിടെയുള്ള ജീവനക്കാർ പറയുന്നത്. മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പുഴു ശല്യം കാരണം അതൃപ്തി പ്രകടിപ്പിക്കാറുമുണ്ട്.
നേരത്തെ അനധികൃത ചെങ്കൽക്കടത്തിലും മണൽക്കടത്തിലും പിടികൂടിയ ടിപ്പർ ലോറികൾ കൊണ്ടുവന്ന് സിവിൽ സ്‌റ്റേഷനിലെ കാന്റീന് സമീപം സൂക്ഷിച്ചിരുന്ന അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മലപ്പുറം കളക്ടർ വി.ആർ.വിനോദിന്റെ നേതൃത്വത്തിൽ അടുത്തിടെയാണ്‌ലോറികൾ ഇവിടെ നിന്നും മാറ്റി പരിഹാരം കണ്ടത്.