karipur
മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. കരിപ്പൂർ വിമാനത്താവളത്തിന്റെ റെസ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി.അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ.റാംമോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നത്. ഇവിടെ 50 മീറ്റർ വരെ ഉയരത്തിൽ മണ്ണ് നിറയ്ക്കേണ്ട ആവശ്യമുള്ളതിനാൽ മണ്ണിന്റെ ലഭ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തും. കേരളത്തിലെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.