മലപ്പുറം: സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആർ.എസ്.എസ് ബന്ധമെന്ന ആരോപണം പ്രതിരോധിക്കാൻ ചടുല നീക്കങ്ങളുമായി സി.പി.എം. ന്യൂനപക്ഷം ഭൂരിപക്ഷമായ ജില്ലയിൽ അത്തരമൊരു ചർച്ച ഉണ്ടാക്കിയേക്കാവുന്ന പരിക്ക് ആശങ്കപ്പെടുന്ന പാർട്ടി നേതൃത്വം മുസ്‌ലിം സമുദായാംഗങ്ങളായ പാർട്ടി നേതാക്കളെ തന്നെ മുന്നിൽ നിറുത്തി പ്രതിരോധിക്കാനാണ് ശ്രമം. നിലമ്പൂരിലെ അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്തവരിൽ നല്ലൊരു പങ്കും എസ്.ഡി.പി.ഐ,​ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരാണെന്ന വാദത്തിലൂടെ അൻവറിന് ആദ്യ മറുപടിയേകിയിട്ടുണ്ട്. മുൻമന്ത്രിയും തലമുതിർന്ന സി.പി.എം നേതാവുമായി പാലോളി മുഹമ്മദ് കുട്ടിയെ തന്നെ രംഗത്തിറക്കി അൻവറിന്റെ ആരോപണമുനയുടെ മൂർച്ച കുറക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മലപ്പുറം പ്രസ് ക്ലബ്ബിൽ പാലോളി മുഹമ്മദ് കുട്ടി,​ സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു,​ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.എം.ഷൗക്കത്ത്,​ അബ്ദുള്ള നവാസ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറിന് പിന്നിൽ മതമൗലികവാദികളാണെന്ന ആരോപണം ശക്തമാക്കി. അൻവറിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നതിൽ നിർണ്ണാക പങ്കുവഹിച്ചയാളാണ് പാലോളി. വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം അപൂർവ്വമായേ പാർട്ടി വേദികളിൽ പോലും പ്രതൃക്ഷപ്പെടാറുള്ളൂ. ശാരീരിക അസ്വസ്ഥതകൾ അവഗണിച്ചും മലപ്പുറത്ത് എത്തിയ പാലോളി സി.പി.എം പുലർത്തുന്ന മതനിരപേക്ഷ നിലപാടുകളും ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന്റെ മതേതര വ്യക്തിത്വവും അക്കമിട്ട് നിരത്തി. മതന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാനുള്ള ബോധപൂ‌ർവ്വമായ ശ്രമമാണ് അൻവ‌ർ നടത്തുന്നതെന്ന് നിലപാടെടുത്ത നേതാക്കൾ ഇതിനെതിരെ പാർട്ടി കീഴ്ഘടങ്ങളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുമെന്നും വ്യക്തമാക്കി.

മതമൗലികവാദികളുടെ പിന്തുണ നേടുന്നതിനാണ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെ ആർ.എസ്.എസുകാരനായി ചിത്രീകരിച്ചതെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. നമസ്കാരം തടയാൻ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. പാർട്ടി ഇസ്‌ലാം മതത്തിന് എതിരാണെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇതിന് ശ്രമിക്കുന്ന മുസ്‌ലിം ലീഗിനൊപ്പം ചേരുകയാണ് അൻവർ. കോൺഗ്രസിൽ നിന്ന് വന്ന ടി.കെ. ഹംസ സംസ്ഥാന കമ്മിറ്റിയംഗമായി ദീർഘകാലം പ്രവ‌ർത്തിച്ചയാളാണ്. ഉംറ തീർത്ഥാടനമടക്കം ഇസ്‌ലാമിക വിശ്വാസത്തിന്റെ എല്ലാ കർമ്മങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഇല്ലാത്ത എതി‌ർപ്പ് പാർട്ടിയംഗമല്ലാത്ത അൻവറിനുണ്ടായി എന്നത് കള്ളമാണെന്നും ബോധപൂർവ്വം വർഗീയത പടർത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു.

എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടെന്ന ആരോപണവും നേതാക്കൾ നിഷേധിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പാർട്ടിക്ക് എതിരാക്കാനുള്ള കുബുദ്ധിയാണ് ആരോപണങ്ങൾക്ക് പിന്നിൽ. എം.പി ഫണ്ട് വിനിയോഗത്തിൽ മാത്രമാണ് പാ‌ർട്ടി ഇടപെടാറുള്ളത്. എളമരം കരീം എംപിയുടെ ഫണ്ട് ഏറ്റവും കൂടുതൽ വിനിയോഗിച്ച മണ്ഡലമാണ് നിലമ്പൂരെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി അൻവറിനെ തോൽപ്പിക്കാൻ ശ്രമം നടത്തിയെന്ന ആരോപണവും നേതാക്കൾ നിഷേധിച്ചു.

വിശദീകരണ യോഗം അരീക്കോട്

പി.വി. അൻവർ എം.എൽ.എ ഇന്ന് വൈകിട്ട് 6.30ന് അരീക്കോട് ടൗണിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. നിലമ്പൂരിലെ പൊതുയോഗം വലിയ വിജയമായ പശ്ചാത്തലത്തിൽ അരീക്കോട്ടെ യോഗത്തിന് പ്രാധാന്യം ഏറെയാണ്. ബഹിഷ്ക്കരണ ആഹ്വാനം സി.പി.എം ശക്തമാക്കിയിട്ടുണ്ട്. അരീക്കോടും വൻജനാവലി ഒത്തുകൂടിയാൽ അൻവറിന്റെ കരുത്ത് കൂട്ടും.