chandranagar
ചന്ദനഗർ ജംഗ്ഷൻ

പുതുശ്ശേരി: പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, തമിഴ്നാട് കോർപ്പറേഷൻ, ബസുകൾ റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസുകളാണ് റൂട്ടുതെറ്റിച്ച് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകൾ കുന്നത്തൂർമേട് കൽമണ്ഡപം വഴിയാണ് സർവീസ് നടത്തേണ്ടത്. എന്നാൽ, തിരക്കേറെയുള്ള സമയമായ രാവിലെയും വൈകിട്ടും കോയമ്പത്തൂർ ബസുകൾ കോട്ടമൈതാനം - ചിറ്റൂർ റോഡ് ജംഗ്ഷനിൽ നിന്നും മണപ്പുള്ളിക്കാവിലെത്തി തൃശൂർ ദേശീയപാതയിലൂടെ ചന്ദ്രനഗർ ജംഗ്ഷനിലെത്തിയാണ് കോയമ്പത്തൂർ ദേശീയപാതയിലേക്കു പ്രവേശിക്കുന്നത്. ഇതുമൂലം കുന്നത്തൂർമേട്, കൽമണ്ഡപം, ചന്ദ്രനഗർ ഭാഗത്തു നിൽക്കുന്ന യാത്രക്കാർക്ക് ബസ് കിട്ടാത്ത സ്ഥിതിയാണ്. ഇവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകേണ്ട യാത്രക്കാർ ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപാതയിലേക്കോ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്കോ പോകേണ്ട സ്ഥിതിയാണ്. സ്‌കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടും കൽമണ്ഡപം മുതൽ ചന്ദ്രനഗർ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം മിക്ക ദിവസങ്ങളിലും കോട്ടമൈതാനം റോഡിൽ ചിറക്കാട് വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇത്തരം ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് കോയമ്പത്തൂർ ബസുകൾ യാത്രക്കാരെ നട്ടം തിരിച്ച് വഴിമാറിയോടുന്നത്. ഇതു മൂലം സാധാരണക്കാരായ യാത്രക്കാർക്കാണ് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാകുന്നത്.
60 രൂപക്ക് യാത്ര ചെയ്യേണ്ടവർക്ക് ബസുകളുടെ വഴി മാറിയോടൽ മൂലം ഇരട്ടി പണം മുടക്കേണ്ട സ്ഥിതിയാണ്. അതിനാൽ ബസുകളുടെ വഴിമാറിയോടലിന് തടയിടാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.