 
 കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്ക്
കൊല്ലങ്കോട്: ടൗണിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണാൻ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ഉടൻ ചേരുമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന കൊല്ലങ്കോട് മൂന്ന് വർഷത്തിലധികമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചിട്ടില്ല. എല്ലാ മേഖലയിലുള്ളവരെയും ഉൾപ്പെടുത്തി യോഗം ഉടൻ ചേരുമെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാലും പറഞ്ഞു. കൊല്ലങ്കോട് ബസ് സ്റ്റാൻഡിൽ ബസ് കയറാത്തത് പരിശോധിക്കുമെന്ന് കൊല്ലങ്കോട് എസ്.എച്ച്.ഒ രാജേഷും ഉറപ്പു നൽകി. കൊല്ലങ്കോട് സ്റ്റാൻഡിൽ ബസുകൾ കയറാത്തത് സംബന്ധിച്ച് കേരള കൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. ആലമ്പള്ളം പാലം തകർന്നതോടെ എലവഞ്ചേരി, പല്ലശ്ശന ഭാഗത്തു വരുന്ന വാഹനങ്ങൾ ഊട്ടറ എത്തുന്ന എളുപ്പമാർഗ്ഗം ഇല്ലാതെയായി. ഇവയെല്ലാം കൊല്ലങ്കോട് ടൗൺ ചുറ്റി വരുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. കൊല്ലങ്കോട് ടൗണിൽ കൃത്യമായ ഗതാഗത പരിഷ്‌ക്കാരം ഇല്ലാത്തതും അലസമായി വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും കയറ്റിറക്ക് ജോലികൾക്ക് സമയ നിയന്ത്രണം ഏർപ്പടുത്തതുമെല്ലാം മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിഞ്ഞ സ്ഥിതിയുണ്ടാക്കുന്നുണ്ട്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
കൊല്ലങ്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി യോഗം ഉടൻ വിളിക്കും. വാഹനപെരുപ്പം പ്രധാന കാരണമാണെങ്കിലും ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കാൻ ശ്രമിക്കും. ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് പെരുമാൾ ഗ്രാമം വഴി പാത നിർമ്മിച്ചാൽ ഓട്ടോറിക്ഷ മുതലായ ചെറുവാഹനങ്ങൾക്ക് കൊല്ലങ്കോട് ടൗണിൽ കയറാതെ പോകാൻ കഴിയും.
കെ.ബാബു എം.എൽ.എ
ബസുകൾ ഏറെ നേരം കൊല്ലങ്കോട്-പാലക്കാട് പാതയിൽ പാർക്ക് ചെയ്യുന്നത് ഗതാഗതം തടസം സൃഷ്ടിക്കുന്നു. ആർ.ടി.ഒ അനുവദിച്ച് പെർമിറ്റോടെയാണോ സമയക്രമം അനുസരിച്ച് ബസുകൾ സർവ്വീസ് നടത്തുന്നതെന്ന് പരിശോധിപ്പിക്കും. ട്രാഫിക് റെഗുലേറ്റി കമ്മറ്റിയിൽ ബസ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തും. വ്യത്യസ്ഥ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി ഉടൻ യോഗം നടത്തുന്നതാണ്.
കെ.സത്യപാൽ, കൊല്ലങ്കോട്
പഞ്ചായത്ത് പ്രസിഡന്റ്
ബസ് സ്റ്റാൻഡ് ഉണ്ടായിട്ടും സ്റ്റാൻഡിൽ ബസ് കയറാത്തത് പരിശോധിക്കും. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മാസ്റ്റർ പ്ലാൻ തയ്യാറാകേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ ട്രയൽറൺ നടത്തിയ ശേഷമേ പരിഷ്‌ക്കാരം നടപ്പിലാക്കൂ. എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും പ്രതിനിധികളുമായി ചർച്ച നടത്തും. വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ കൊല്ലങ്കോട് കാണാനെത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്.
രാജേഷ്, എസ്.എച്ച്.ഒ, കൊല്ലങ്കോട്