
പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പിൽ 6.90 കോടി രൂപയുടെ സംരംഭക വായ്പകൾക്ക് ശിപാർശ നൽകി. തൃശൂർ കേരളാബാങ്ക് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 108 പ്രവാസിസംരംഭകർ പങ്കെടുത്തു. ഇവരിൽ 63 പേരുടെ പദ്ധതികൾക്ക് കാനറാ ബാങ്ക് വഴിയും 07 പേർക്ക് മറ്റു ബാങ്കുകൾ മുഖേനയും നോർക്ക വഴി വായ്പയ്ക്ക് ശിപാർശ നൽകി. 18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.