പട്ടഞ്ചേരി: കർഷകരെ ആശങ്കയിലാഴ്ത്തി പട്ടഞ്ചേരി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ മുഞ്ഞയുടെ ആക്രമണം വ്യാപകം. അണക്കാട്, പാലക്കോട്, വാവുകോട്, കുവളി, വടകര, കരിപാലി, കന്നിമാരി പാടശേഖരങ്ങളിലാണ് വ്യാപക തോതിൽ മുഞ്ഞ ആക്രമണം കാണപ്പെട്ടത്. ഇളം പ്രായത്തിലുള്ളതും വലുതുമായ നിരവധി മുഞ്ഞകൾ കൂട്ടമായി നെൽച്ചെടിയുടെ തണ്ടിലെ നീരൂറ്റികുടിക്കും. തണ്ടും ഇലകളും ആദ്യം ഓറഞ്ചു കലർന്ന മഞ്ഞനിറത്തിലാകും. പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യും. ആദ്യം ഒരു ഭാഗത്തു ആയിരിക്കും ആക്രമണം കാണപ്പെടുക , പിന്നീട് വട്ടത്തിൽ മറ്റുള്ള ഭാഗങ്ങളിലേക്കും വ്യാപിക്കും. ചെടികൾ തട്ടിനോക്കിയാൽ മുഞ്ഞകൾ പറക്കുന്നതു കാണാം. കതിരുവന്ന പാടങ്ങളെ മുഞ്ഞകൾ ആക്രമിച്ചാൽ വിളവ് തീരെ ലഭിക്കുകയില്ല. അതേസമയം കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ മുഞ്ഞയെ തുരത്താനാകുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം മുഞ്ഞയുടെ ആക്രമണം ചില കർഷകർ നെൽച്ചെടിയുടെ ബാക്ടീരിയൽ ഓലകരിച്ചിലായി തെറ്റിദ്ധരിച്ച് അതിനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ മുഞ്ഞ നിയന്ത്രണം ഫലപ്രദമാകില്ല. വിളനാശം സംഭവിക്കാനും സാധ്യതയുണ്ട്.
മുഞ്ഞ ആക്രമണത്തിന് കാരണം
ഇപ്പോഴത്തെ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കതിര് വന്ന പാടങ്ങളിൽ മുഞ്ഞകൾ പെരുകാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. പൈറിത്രോയിഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികൾ നെൽപ്പാടത്തെ മിത്രപ്രാണികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും മുഞ്ഞകൾക്ക് വഴിയൊരുക്കുന്നു. ഒരിടത്തു കാണപ്പെട്ടാൽ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് പറക്കാൻ കഴിവുള്ള കീടങ്ങളാണിവ.
പ്രതിരോധ മാർഗങ്ങൾ
ദിവസവും പാടത്ത് പരിശോധന നടത്തണം. നെൽച്ചെടികൾ തട്ടി മുഞ്ഞകൾ ഉണ്ടോ എന്ന് നോക്കുക.
പാടത്തു വെള്ളം ഉണ്ടെങ്കിൽ തുറന്നു വിടണം.
യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുടെ അമിത പ്രയോഗം ഒഴിവാക്കുക.
മുഞ്ഞകൾ കാണുന്നുവെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും കീടനാശിനികൾ ഒരേക്കറിന് 100 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാം. 1. പയ്‌മെട്രോസിൻ-80ഗ്രാം/ഏക്കർ 2. ട്രൈഫ്ളൂമെസോപയറോം-50 മില്ലി/ഏക്കർ 3. തയോമെതോക്സാം-40 ഗ്രാം /ഏക്കർ
മുഞ്ഞ ആക്രമണത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൃത്യമായ ശാസ്ത്രീയ പരിചരണം നടത്തിയാൽ ഇവയെ നിയന്ത്രണ വിധേയമാക്കാനാകും.
ഉണ്ണിറാം, കൃഷി ഓഫീസർ, പട്ടഞ്ചേരി.