പാലക്കാട്: ഓണത്തിരക്കിന് പരിഹാരമായി പാലക്കാട് ഉൾപ്പെടെ കേരളത്തിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 10 സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. കേരളത്തിനുള്ളിൽ ഷൊർണൂ‌ർ,​ കണ്ണൂർ,​ കൊല്ലം,​ കൊച്ചുവേളി നഗരങ്ങളെ ബന്ധിപ്പിച്ചാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഇതിനു പുറമേ ഗോവ, മംഗളൂരു,​​ വേളാങ്കണ്ണി,​ ബെംഗളൂരു,​ വിശാഖപട്ടണം,​ കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് ഉത്സവകാല ട്രെയിനുകളുണ്ട്. ഇവയിൽ ചിലത് ഒരു മാസത്തിലേറെ സർവീസ് നടത്തുമെന്നതിനാൽ ഓണത്തിനു ശേഷമുള്ള യാത്രാത്തിരക്കിനും വലിയ പരിഹാരമാകും. ചില ട്രെയിനുകൾ ഡിസംബ‌ർ വരെ സർവീസ് നടത്തുന്നുണ്ട്. യാത്രാത്തിരക്ക് പരിഗണിച്ച് ഇവയിൽ ചിലതിന്റെ സർവീസ് ശബരിമല സീസണിലേക്കും നീട്ടിയേക്കും. ഓണം സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള രണ്ട് സ്പെഷ്യൽ ട്രെയിനുകളിൽ ഒരെണ്ണം നാളത്തോടെ സർവീസ് അവസാനിപ്പിക്കും. ഗോവയിൽ നിന്ന് പാലക്കാട് വഴിയുള്ള വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനും ഈ മാസം ഏഴിന് സർവീസ് അവസാനിപ്പിക്കും.

ബെംഗളൂരു മലയാളികൾക്ക് തിരിച്ചടി

അതേസമയം യാത്രാത്തിരക്കേറെയുള്ള ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് വെട്ടിച്ചുരുക്കിയത് അടുത്തയാഴ്ച നാട്ടിലെത്താൻ കാത്തിരിക്കുന്ന ആയിരക്കണക്കിനു മലയാളികൾക്ക് തിരിച്ചടിയായി. തിരുവോണം സെപ്തംബർ 15ന് ആയതിനാൽ അടുത്തയാഴ്ചയാണ് ബെംഗളൂരുവിൽ നിന്ന് ഏറ്റവുമധികം യാത്രാത്തിരക്ക് അനുഭവപ്പെടുക. 15നു ശേഷം ബെംഗളൂരുവിലേക്കും വലിയ തിരക്ക് അനുഭവപ്പെടും. ഈ സമയത്ത് ഒരേയൊരു സ്പെഷ്യൽ ട്രെയിൻ മാത്രമേ കേരളത്തിലേക്ക് സർവീസ് നടത്തുന്നുള്ളു. ആവശ്യത്തിനു ട്രെയിനുകളുടെ അഭാവത്തിൽ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്.

സ്പെഷ്യൽ ട്രെയിനുകൾ,​ സർവീസ് തീയതി ക്രമത്തിൽ

1. ഷൊർണൂർ ജംഗ്ഷൻ-കണ്ണൂ‌ർ(06031/32)- ഒക്ടോബർ 31 വരെ.

2. മംഗളൂരു ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻ(06047/48)​-സെപ്തംബർ 24 വരെ

3. മംഗളൂരു ജംഗ്ഷൻ-കൊച്ചുവേളി(06041/42)​-സെപ്തംബർ 29 വരെ
4. കൊച്ചുവേളി-ഷാലിമാർ(06081/82)​-ഡിസംബർ രണ്ട് വരെ

5. എറണാകുളം ജംഗ്ഷൻ-പാട്‌ന(06085/86)​-ഡിസംബ‌ർ രണ്ട് വരെ

6. കൊച്ചുവേളി-ബെംഗളൂരു(06083/84)​-സെപ്തംബർ 25 വരെ

7. എറണാകുളം ജംഗ്ഷൻ-യെലഹങ്ക(06101/02)​-സെപ്തബ‌ർ ഏഴ് വരെ

8. മഡ്‌ഗാവ് ജംഗ്ഷൻ-വേളാങ്കണ്ണി(01007/08)​-സെപ്തംബർ ഏഴ് വരെ

9. ബെംഗളൂരു-കൊച്ചുവേളി(06239/40)​-സെപ്തംബർ 18 വരെ

10. വിശാഖപട്ടണം-കൊല്ലം ജംഗ്ഷൻ(08539/40)​-നവംബർ 28 വരെ