sep
ജില്ലാ പദ്ധതി രൂപീകരണ ജില്ലാതല യോഗം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഓരോ കുടുംബത്തിലും പുരോഗമനപരമായ മാറ്റം വരുത്താൻ കഴിയുന്ന തരത്തിലാവണം വികസനം ആസൂത്രണം ചെയ്യേണ്ടതെന്നും വികസനമെന്നത് റോഡും പാലവും മാത്രമല്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. 2018ൽ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ജില്ലാ പദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാപദ്ധതി രൂപീകരണ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദഗ്ദ്യമാണ് ഇപ്പോൾ വികസനം. ഓരോരുത്തരുടേയും സ്‌കിൽ കണ്ടെത്തി പരിപോഷിപ്പിക്കും വിധമാകണം വികസനപദ്ധതികൾ. ധനസഹായത്തിന് പകരം സ്‌കിൽ പരിപോഷിപ്പിച്ച് സമ്പാദ്യ സ്വരൂപണത്തിന് ജനങ്ങളെ പ്രാപ്തരാക്കാൻ വികസന പദ്ധതികളിലൂടെ സാധിക്കണമെന്നും മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. വികസനപദ്ധതികളിൽ തീരുമാനമെടുക്കുമ്പോൾ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ യോഗത്തിൽ അദ്ധ്യക്ഷയായി. ജില്ല കളക്ടർ ഡോ.എസ്.ചിത്ര, കെ.പ്രഭാകരൻ എം.എൽ.എ, ജില്ലാ ആസൂത്രണ സമിതി സർക്കാർ പ്രതിനിധി ടി.ആർ.അജയൻ, ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റർ കെ.ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ആർ രത്‌നേഷ് എന്നിവർ പങ്കെടുത്തു. ജില്ല പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ജില്ലാ മേധാവികളെ കൺവീനർമാരാക്കി 25 ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉപസമിതി രൂപീകരണം പിന്നീട് ജില്ലാ തല കൂടിയാലോചന യോഗം, കരട് ജില്ലാ പദ്ധതി രൂപീകരണം, കരട് ജില്ലാ പദ്ധതി അഭിപ്രായ രൂപീകരണം, ജില്ലാ വികസന സെമിനാർ തുടർന്ന് ഒക്ടോബർ 30നകം ജില്ല ആസൂത്രണ സമിതിയടേയും ഡിസംബർ 31 ന് സർക്കാരിന്റേയും അംഗീകാരം നേടുന്ന തരത്തിലാണ് ജില്ല പദ്ധതി ആസൂത്രണ പ്രക്രിയ ഘട്ടങ്ങൾ തീരുമാനിച്ചിരിക്കുന്നത്.