പാലക്കാട്: ജില്ലയിൽ റെക്കാർഡ് അളവിൽ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനി. കഴിഞ്ഞ മാസം മാത്രം ജില്ലയിൽ നിന്ന് 1090 ടൺ അജൈവ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ശേഖരിച്ചത്. ജൂൺ, ജൂലായ് മാസങ്ങളിൽ കമ്പനി ശേഖരിച്ചതിന്റെ ഇരട്ടിവരുമിത്. ജൂണിൽ 463 ടണ്ണും ജൂലായിൽ 526 ടണ്ണും മാലിന്യമാണ് കമ്പനി ശേഖരിച്ചത്. ആഗസ്റ്റിൽ ശേഖരിച്ച മാലിന്യത്തിൽ 83 ടൺ തരംതിരിച്ച മാലിന്യവും 690 ടൺ നിഷ്‌ക്രിയ മാലിന്യവും 317 ടൺ ലെഗസി മാലിന്യം എന്നിവ ഉൾപ്പെടുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് ബി.ശ്രീജിത്ത്, സെക്ടർ കോഓർഡിനേറ്റർമാരായ പി.വി.സഹദേവൻ, എസ്.സുസ്മിത എന്നിവരുടെ ഏകോപനത്തിലാണ് സെക്ടർ അടിസ്ഥാനത്തിൽ മാലിന്യനീക്കം നടത്തിയത്.
പാലക്കാട് 11 ഗോഡൗണുകൾ
പാലക്കാട് ജില്ലയിലാകെ 11 ഗോഡൗണുകളാണ് ക്ലീൻ കേരള കമ്പനിക്കുള്ളത്.
ജില്ലയിൽ ക്ലീൻ കേരള കമ്പനിയുമായി സഹകരിക്കുന്ന 55 പഞ്ചായത്തുകളിൽ നിന്നും മൂന്ന് നഗരസഭകളിൽ നിന്നുമായാണ് ഇത്രയും മാലിന്യം നീക്കം ചെയ്തത്. പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യം ഈ ഗോഡൗണുകളിലെത്തിക്കും. നിഷ്‌ക്രിയ മാലിന്യം സിമന്റ് ഫാക്ടറിക്ക് ഇന്ധനമായി നൽകും. മിൽമ കവർ, ബോട്ടിൽ, പ്ലാസ്റ്റിക്, തകരപ്പാട്ടകൾ, പെർഫ്യൂം കുപ്പികൾ, ഷീറ്റ്, പൊട്ടിയ കസേര തുടങ്ങിയവയാണ് തരംതിരിച്ച മാലിന്യത്തിൽ പെടുന്നത്. ചെരിപ്പ്, തെർമോകോൾ, ലെതർ, ബാഗ് തുടങ്ങിയവ നിഷ്‌ക്രിയ മാലിന്യത്തിലും നാളുകളായി കെട്ടിക്കിടക്കുന്ന മാലിന്യം ലെഗസി വിഭാഗത്തിലും പെടുന്നു.
ക്ലീൻ കേരള കമ്പനിയുടെ മികച്ച ഫീൽഡ് പ്രവർത്തനവും ഏകോപനവും, മാലിന്യമുക്ത കാമ്പയിനിന്റെ വിജയം, ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തന മികവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, നവകേരള, ശുചിത്വമിഷൻ, കുടുംബശ്രീ മിഷനുകൾ എന്നിവയുടെ പിന്തുണ തുടങ്ങിയവയാണ് മികച്ച രീതിയിൽ മാലിന്യ ശേഖരണത്തിന് സഹായകരമായത്.
-ആദർശ് ആർ.നായർ, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ