റബറിന്റെ കഴിഞ്ഞ വർഷത്തെ താങ്ങുവില ലഭിച്ചില്ല
വടക്കഞ്ചേരി: താങ്ങുവില കിട്ടാതെ റബർ കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞവർഷത്തെ താങ്ങുവിലയാണ് ഇതുവരെയായും വിതരണംചെയ്യാത്തത് . 170 രൂപ താങ്ങുവില പ്രഖ്യാപിച്ച് 600 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് വിതരണം ചെയ്തിട്ടില്ല. 2023-24 സാമ്പത്തിക വർഷമാണ് സർക്കാർ താങ്ങുവില 150 രൂപയിൽ നിന്ന് ഉയർത്തി പ്രഖ്യാപിച്ചത്. ഓണം അടുക്കാറായതോടെ മുൻവർഷത്തെ കുടിശ്ശികയായ ഇൻസെന്റിവ് തുക നൽകണമെന്നാണ് കർഷകരുടെ ആവശ്യം.റബർ ബോർഡ് നിശ്ചയിച്ച പ്രതിമാസ വിലയും താങ്ങുവിലയായ 170 രൂപയും തമ്മിലുള്ള വ്യത്യാസ തുകയാണ് ചെറുകിട കർഷകർക്ക് ഇൻസെന്റീവ് ആയി നൽകിയിരുന്നത്. മുൻവർഷങ്ങളിലും കർഷകരുടെ സമരങ്ങളും സമ്മർദങ്ങളുടെയും ഫലമായാണ് ഭാഗികമായെങ്കിലും തുക അനുവദിച്ചത്. ഈ വർഷം ചില രാഷ്ട്രീയ സമ്മർദ ഫലമായും പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് താങ്ങുവില 250 രൂപയായി ഉയർത്താൻ സമ്മർദം ഉണ്ടായിരുന്നിട്ടും 170 ഇൽ നിന്ന് 180 ആയി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പൊതുവിപണിയിൽ റബർ വില 200 കടന്നതോടെ സർക്കാരിന് ചെറുകിട കർഷകർക്കുള്ള ഇൻസെന്റീവ് നാളിതുവരെ ഈ വർഷവും നൽകേണ്ടി വന്നിട്ടില്ല.
തുക കൈമാറിയിട്ടില്ലെന്ന് റബർബോർഡ്
റബർ ബോർഡിൽ ഉൽപാദക സംഘങ്ങൾ മുഖേന രജിസ്റ്റർ ചെയ്ത കർഷകർക്ക് ഫീൽഡ് ഓഫിസർമാർ പരിശോധന നടത്തി സ്ഥല വിസ്തീർണം കണക്കാക്കിയാണ് ഓരോമാസവും നൽകാവുന്ന റബറിന്റെ തൂക്കം അനുവദിച്ചു നൽകിയത്.
ഇതുപ്രകാരം കർഷകർ എല്ലാമാസവും രണ്ടാഴ്ച വീതം റബർ വിൽപന നടത്തിയ രണ്ട് ബില്ലുകൾ വീതം കർഷകർ റബർ ഉൽപാദക സംഘങ്ങൾ മുഖേന റബർ ബോർഡിന്റെ സൈറ്റിലേക്ക് അയക്കും.
2022- 23ലെ ജനുവരിക്ക് ശേഷമുള്ള തുകയും കർഷകർക്ക് ലഭിക്കാനുണ്ട്.
ഇതിനുപുറമെയാണ് 2023-24ൽ തുക ഒന്നും നൽകാതെ പ്രഖ്യാപനം മാത്രമാക്കി നിർത്തിയത്.
ബോർഡിന് ആവശ്യമായ തുക കൈമാറിയിട്ടില്ലെന്നാണ് റബർ ബോർഡ് അധികൃതർ പറയുന്നത്.