
2022 -23 സാമ്പത്തിക വർഷം 4119.25 കോടി രൂപ
2023 -24 സാമ്പത്തിക വർഷം 4346.67 കോടി രൂപ
കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകും
പാലക്കാട്: പാൽ, പാലുത്പ്പന്ന വിറ്റുവരവിൽ വർദ്ധന രേഖപ്പെടുത്തി മിൽമ. മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023-24 കാലയളവിലെ ആകെ വിറ്റുവരവിൽ 5.52 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022 -23 സാമ്പത്തിക വർഷത്തിൽ 4119.25 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നത് 2023 -24 4346.67 കോടി രൂപയായി വർദ്ധിച്ചു. കൽപ്പറ്റയിൽ നടന്ന മിൽമയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ഫെഡറേഷന്റെ 70.18 കോടിയുടെ കാപിറ്റൽ ബഡ്ജറ്റും 589.53 കോടി രൂപയുടെ റവന്യൂ ബഡ്ജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ക്ഷീരകർഷകർക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകാനും തീരുമാനമായി.
പാലൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
യോഗത്തിൽ ചർച്ച ചെയ്ത പ്രമേയങ്ങൾ തുടർനടപടികൾക്കായി സർക്കാരിന് കൈമാറും. മിൽമ ചെയർമാൻ കെ.എസ്.മണി, എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി.ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എം.ഡി ആസിഫ് കെ.യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശത്തെ ക്ഷീരകർഷകരെ ഫെഡറേഷൻ അംഗങ്ങൾ സന്ദർശിച്ചു. ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ചൂരൽമല ക്ഷീര സഹകരണ സംഘത്തിന് നൽകാനും തീരുമാനിച്ചു.
യോഗത്തിൽ അവതരിപ്പിച്ച പ്രമേയങ്ങൾ
ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി 12 മാസവും കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കൽ
കന്നുകാലികൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യസഹായം ലഭ്യമാക്കൽ
പശുക്കളെ വാങ്ങുന്നതിനായി പലിശരഹിത വായ്പ അനുവദിക്കൽ
ക്ഷീരകർഷകരുടെയും കന്നുകാലികളുടെയും ഇൻഷ്വറൻസ്
40 വയസിൽ താഴെയുള്ള രണ്ട് അംഗങ്ങൾ ക്ഷീരസഹകരണ സംഘങ്ങളുടെ ഭരണസമിതിയിൽ തിരഞ്ഞെടുക്കപ്പെടേണ്ടതാണെന്ന ഭേദഗതിയിൽ ഇളവ് ലഭ്യമാക്കൽ
പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയും നിരവധി പദ്ധതികളാണ് മിൽമ നടപ്പാക്കുന്നത്. ഓണക്കാലത്ത് ആവശ്യത്തിന് പാലും പാലുത്പന്നങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിൽ ഉൾപ്പെടെ പ്രകൃതിദുരന്ത, കാലാവസ്ഥാ പ്രതിസന്ധിഘട്ടങ്ങളിലും നിർണായക ഇടപെടലുകൾ നടത്താനായി. മിൽമ ചോക്ലേറ്റും മറ്റ് ഇൻസ്റ്റന്റ് ഉത്പന്നങ്ങളും ഉൾപ്പെടെ പുറത്തിറക്കി വിപണിയുടെ മാറുന്ന താത്പര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾ നടത്താനും മിൽമയ്ക്ക് സാധിച്ചു.
കെ.എസ്.മണി, ചെയർമാൻ.