മുതലമട: പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ മീങ്കര ഡാം ഇന്ന് തുറക്കും. ഡാമിന്റെ പരമാവധി സംഭരണശേഷി 156.36 മീറ്ററാണ്. നിലവിൽ 155.90 മീറ്റർ ആണ് ജലനിരപ്പ്. മൂന്നാം പ്രളയ മുന്നറിയിപ്പ് നിലയായ 156.06 മീറ്ററിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ഡാമിന്റെ രണ്ടു പ്രധാന ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഗായത്രി തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി മീങ്കര ഡാമിലും വൃഷ്ടിപ്രദേശങ്ങളിലും മഴ കനത്തിരിക്കുകയാണ്. കൂടാതെ ഗോവിന്ദാപുരം പുഴയിലൂടെ ഡാമിലേക്കുള്ള ജലത്തിന്റെ ഒഴുക്കിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ ഗതിയിൽ ഡാമിലേക്ക് വരുന്ന അമിതമായ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ വെള്ളം ചുള്ളിയാർ ഡാമിലേക്ക് തിരിച്ചു വിടുകയാണ് പതിവ്. എന്നാൽ നിലവിൽ ചുള്ളിയാറും അതിന്റെ പൂർണ്ണ സംഭരണ ശേഷിയിലെത്തിയിരിക്കുന്നു. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിച്ചാൽ പലകപ്പാണ്ടി കനാലിലൂടെയുള്ള വെള്ളവും ചുള്ളിയാറിൽ എത്തും. അങ്ങനെയെങ്കിൽ ചുള്ളിയാറിന്റെ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്.