dayalysis
ഡയാലിസിസ് കേന്ദ്രം

പാലക്കാട്: ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാഴായതോടെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം അനന്തമായി നീളുന്നു. കഴിഞ്ഞ ഡിസംബർ 15ന് പട്ടാമ്പി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം തുറക്കുമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനമാണ് പാഴ്വാക്കായത്. കഴിഞ്ഞ നവംബറിൽ ജില്ലയിലെ വിവിധ താലൂക്കാശുപത്രികൾ സന്ദർശിക്കുന്നതിനിടെയാണ് പട്ടാമ്പി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് വീണ ജോർജ് പ്രഖ്യാപിച്ചത്. മാസം പത്തായിട്ടും ഡയാലിസിസ് കേന്ദ്രം ഇന്നും അടഞ്ഞുതന്നെ. ഇതോടെ ഡയാലിസിസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് രോഗികൾക്ക് പുറമെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പട്ടാമ്പി താലൂക്കിൽ ഡയാലിസിസ് സൗകര്യമുള്ളത്. പട്ടാമ്പി ബ്ലോക്കിലെ രോഗികൾക്ക് അധികച്ചെലവിൽ സ്വകാര്യ ആശുപത്രികളെയോ തൃശൂർ മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

യന്ത്രങ്ങൾ എത്താത്തത് തടസം
 കെട്ടിടംപണി പൂർത്തിയായിട്ടും യന്ത്രങ്ങൾ എത്താത്തതിനാൽ യൂണിറ്റ് പ്രവർത്തനം തുടങ്ങാനാവുന്നില്ലെന്ന് അധികൃതർ പറയുന്നു.

 ഹീമോ ഡയാലിസിസ് മെഷീനുകളാണ് ഇനി എത്താനുള്ളത്. അവ വിതരണം ചെയ്യുന്നതിന് ട്രഷറി നിയന്ത്രണവും മുമ്പ് തടസമായിരുന്നു. തുടർന്ന് വീണ്ടും കരാർവിളിച്ചാണ് യന്ത്രങ്ങൾ എത്തിക്കാനുള്ള നടപടി എടുത്തിട്ടുള്ളതെന്നാണ് മന്ത്രി അന്ന് അറിയിച്ചത്.

 മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ 99 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞവർഷം കെട്ടിടനിർമാണം പൂർത്തിയായിരുന്നു.

 കുഴൽക്കിണർ കുഴിക്കൽ, പ്ലംബിംഗ് ജോലികൾ, മോട്ടോർവെക്കൽ, പിറ്റ് നിർമ്മിക്കൽ, ശുചി മുറികൾ നിർമ്മിക്കൽ തുടങ്ങിയവ അധികമായി അനുവദിച്ച 24 ലക്ഷംരൂപ ചെലവിലും ചെയ്തിരുന്നു. വൈദ്യുതികണക്ഷനും ലഭ്യമാക്കിയിട്ടുണ്ട്.

 പട്ടാമ്പി പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഒ.പി സെന്ററും കാത്തിരിപ്പുകേന്ദ്രവുമാണുള്ളത്.

 രണ്ടാമത്തെ നിലയിൽ ഡയാലിസിസ് മുറി, ബയോപ്ലാന്റ് റൂം, ഡ്യൂട്ടി മുറികൾ, വാഷിംഗ് ആൻഡ് ഡ്രസിംഗ് റൂം, ശൗചാലയങ്ങൾ എന്നിവയുണ്ട്.