കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി
പാലക്കാട്: ഓണക്കാലത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ പ്രതിസന്ധിയിലാകരുതെന്നാണ് സർക്കാർ നയമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഇതിനായി കർഷകരിൽനിന്ന് ഉയർന്ന വിലയ്ക്ക് ഉൽപന്നങ്ങളേറ്റെടുത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് ഓണച്ചന്തയിലൂടെ ലഭ്യമാക്കുകയാണ്. കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ കർഷകചന്ത 2024 ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ചെറുപ്പക്കാർ, കുടുംബശ്രീ, വിദ്യാർത്ഥികൾ, കർഷകർ എന്നിവരെല്ലാം കൃഷിയിലേക്ക് വന്നതോടെ പച്ചക്കറിക്ക് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് കുറവ് വന്നു. തരിശുരഹിത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരിഞ്ച് ഭൂമി പോലും തരിശാവാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കുടുംബശ്രീയുടെ സഹായത്തോടെ തരിശുഭൂമികളിൽ സീസണൽ കൃഷി ആരംഭിച്ചു. നെൽകൃഷിക്ക് പുറമെ വാഴ, പച്ചക്കറി തുടങ്ങിയവയും ഇത്തരത്തിൽ വിളയിക്കുന്നുണ്ട്. നിലവിൽ 10 ശതമാനം അധിക തുക നൽകിയാണ് കർഷകരിൽ നിന്ന് സർക്കാർ ഉൽപന്നങ്ങൾ ഏറ്റെടുക്കുന്നത്. 30 ശതമാനം സബ്സിഡി നൽകിയാണ് സാധാരണക്കാർക്ക് ഓണച്ചന്തയിലൂടെ വിറ്റഴിക്കുന്നത്. കാർഷിക ജില്ലയായ പാലക്കാട്ടെ ഒരു തുണ്ട് ഭൂമി പോലും തരിശിടരുതെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.
പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേണുകാദേവി ആദ്യ വില്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.സുഷമ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സഫ്ദർ ഷെരീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ്.അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചെമ്പകവല്ലി, കെ.കെ.പ്രീത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ബിന്ദു, ആത്മ പ്രൊജക്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം.എ.നാസർ, കൃഷി ഓഫീസർ ആർ.മോഹനരാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ഓണച്ചന്തയിൽ 30% വിലക്കുറവ്
ഓരോ ദിവസവും വിപണിയിലെ പച്ചക്കറി വില മനസ്സിലാക്കി അതിൽ നിന്നും 30ശതമാനം താഴ്ത്തിയാണ് ഓണച്ചന്തയിലൂടെ വിൽപ്പന നടത്തുക. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയിൽ 94 കാർഷിക ചന്തകളാണ് തുറന്നത്. ഇതുകൂടാതെ ഹോട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവയുടെ ചന്തകളുമുണ്ട്. സെപ്തംബർ 14ന് ഓണച്ചന്തക്ക് സമാപിക്കും.