kk
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ നീളക്കുറവ് സംബന്ധിച്ച് കേരള കൗമുദി ഏപ്രിൽ 11ന് പ്രസിദ്ധീകരിച്ച വാർത്ത

കൊല്ലങ്കോട്: റെയിൽവേ സ്റ്റേഷന്റെ നിലവിലെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുന്നതിനുള്ള നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. പ്ലാറ്റ്‌ഫോമിന്റെ നീളക്കുറവ് കാരണം തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസിന്റെ അവസാന കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്നവർ ഇവിടെ ഇറങ്ങാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തൂങ്ങിയിറങ്ങുന്നതിനിടെ നിരവധി പേർക്ക് ട്രെയിനിൽ നിന്ന് വീണ് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമ‌ൃത എക്സ്‌പ്രസിന്റെ മൂന്ന് കംപാർട്ട്‌മെന്റുകളാണ് ഇവിടെ പ്ലാറ്റ്‌ഫോമിന് പുറത്തായി നിൽക്കുന്നത്. ട്രെയിൻ മധുരയിൽ നിന്ന് പാലക്കാട്ടേക്കുള്ള യാത്രയിൽ എൻജിനും ആദ്യത്തെ രണ്ടു കംപാർട്ട്‌മെന്റും പ്ലാറ്റ് ഫാമിനു പുറത്താണ്. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി റെയിൽവേയ്ക്ക് റിപ്പോർട്ട് കൈമാറി.
ട്രെയിനിലെ ഒരു കംപാർട്ട്‌മെന്റിന്റെ നീളം 25 മീറ്റർ ആണ്. 23 കംപാർട്ട്‌മെന്റുള്ള ട്രെയിൻ എത്തിയാൽ എൻജിനും രണ്ടു കംപാർട്ട്‌മെന്റും പുറത്താകും. ഇതു പരിഹരിക്കുന്നതിനു വേണ്ടിയാണ് 130 മീറ്റർ അധികമായി കണ്ടെത്തി നിലവിലുള്ള പ്ലാറ്റ്‌ഫോമിന് സമാന്തരമായി പണികൾ പുരോഗമിക്കുന്നത്. പ്ലാറ്റ് ഫോം നീളം കൂടുന്നതോടെ കൂടുതൽ ദീ‌‌ർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കാൻ സാധിക്കും.