cremetorium
രണ്ടു വർഷമായി നിർമ്മാണം നിലച്ചു കിടക്കുന്ന മുതലമട തൊട്ടിയത്തറ വാതക ശ്മശാനം കാടുകയറി നശിച്ച നിലയിൽ.


മുതലമട: മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മുതലമടയിലെ ജനങ്ങൾ പട്ടഞ്ചേരി,​ കൊല്ലങ്കോട് പഞ്ചായത്തുകളെ ആശ്രയിക്കുമ്പോൾ മുതലമട തൊട്ടിയത്തറയിലെ ശ്മശാനം പൂർത്തിയാകാതെ കാടുകയറി നശിക്കുന്നു. 88.54 ലക്ഷം രൂപയുടെ പദ്ധതി 2022-23ൽ അനുവദിച്ചതാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷവും,​ 32.52 ലക്ഷം രൂപ വികസന ഫണ്ടും ചേർന്ന് ഇതുവരെ 52.52 ലക്ഷം രൂപ ചിലവഴിച്ച പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത്. ഒന്നരവർഷം നിർമ്മാണ കാലയളവ് നിശ്ചയിച്ച് കരാറായ പദ്ധതി നിർമ്മാണം നിറുത്തിയിട്ട് രണ്ടുവർഷം കഴിഞ്ഞു. കെട്ടിടത്തിന്റെ പണി പോലും പൂർത്തിയായിട്ടില്ല. ചുറ്റുമതലിന്റെ അടിത്തറ നിർമ്മിച്ചെങ്കിലും മതിൽ കെട്ടിയിട്ടില്ല. വാതകശ്മശാനത്തിന്റെ പ്രധാന ഘടകമായ ഫർണസും സ്ഥാപിച്ചിട്ടില്ല. വിജനമായ പ്രദേശത്തുള്ള കെട്ടിടത്തിൽ വാതിലുകളും ജനലുകളും സ്ഥാപിക്കാത്തതിനാൽ ഇവിടം ലഹരി ഉപയോഗിക്കുന്നവരുടെയും സാമൂഹ്യ വിരുദ്ധരുടെയും ഇഷ്ടതാവളമായി മാറി.


ഫർണസ് സ്ഥാപിച്ചാലേ തുടർ നിർമ്മാണം നടത്താനാവുകയുള്ളൂ എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിന്റെ മറുപടി. എന്നാൽ ഫർണസ് സ്ഥാപിക്കാൻ 20 ലക്ഷം രൂപ ഡി.പി.സിയിൽ(ജില്ലാ ആസൂത്രണ സമിതി) ചേർത്തെങ്കിലും പഞ്ചായത്ത് ഡി.പി.സി സമർപ്പിക്കാത്തതിനാൽ നിർമ്മാണം ഇനിയും അനന്തമായി നീളാനാണ് സാധ്യത. ശ്മശാനം പൂർത്തീകരിക്കാൻ കാലതാമസമെടുക്കുന്നതിൽ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയഭേദമന്യേ സമരത്തിന് ഒരുങ്ങുകയാണ് മുതലമട പഞ്ചായത്ത് നിവാസികൾ.


തൊട്ടിയത്തറ വാതക ശ്മശാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പൂർണ ഉത്തരവാദിത്വം മുൻ ഭരണസമിതിക്കാണ്. നിർമ്മാണ പ്രവർത്തിക്കാവശ്യമായ എൻ.ഒ.സി ലഭിക്കാതെയാണ് പണി തുടങ്ങിയത്.

-വി.ഹരി പോത്തമ്പാടം, കോൺഗ്രസ്സ് മുതലമട മണ്ഡലം ജനറൽ സെക്രട്ടറി

ശ്മശാനത്തിന്റെ നിർമ്മാണം മുൻ പഞ്ചായത്ത് ഭരണസമിതിയാണ് തുടങ്ങിയത്. എൻ.ഒ.സി ഉൾപ്പെടെ പലതും ലഭിക്കാതെയാണ് പ്രവർത്തികൾ ചെയ്തത്. ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇതുൾപ്പെടെ പല പദ്ധതികളും പഞ്ചായത്തിൽ സമയബന്ധിതമായി നടപ്പാക്കാൻ സാധിക്കും.

-എം.താജുദ്ദീൻ

പഞ്ചായത്ത് വൈസ് പ്രസിഡന്റ്