പാലക്കാട്: മലയാളികൾക്ക് ഇന്ന് പൊന്നോണത്തിന് മുമ്പുള്ള ഉത്രാടപ്പാച്ചിൽ. നാളെ സമൃദ്ധിയുടെ തിരുവോണത്തിലേക്ക് നാടുണരും. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ സ്വപ്‌നം കാണുന്ന മലയാളിയുടെ കാത്തിരിപ്പിന് ഉത്രാടപ്പാച്ചിലൊതുങ്ങുന്ന രാവോടെയാണ് പൂർണത കൈവരിക. ആവേശ ലഹരിയിൽ അവസാനവട്ട ഒരുക്കങ്ങളാണ് ഇന്ന്. ഓണസദ്യവട്ടങ്ങൾക്കു വിഭവങ്ങളൊരുക്കാനും ഓണക്കോടിയെടുക്കാനും പൂവിപണിയിലുമെല്ലാമായി ഇന്നു നെട്ടോട്ടമാണ്. മഹാബലി തമ്പുരാനു വരവേൽപ്പുമായി ഓണത്തപ്പനെ പ്രതിഷ്‌ഠിച്ചു നാളെ മലയാളി സമൃദ്ധിയുടെ ഓണമുണ്ണും. ഓണദിനങ്ങൾ ഇത്തവണ വിപണിക്കു വലിയ തോതിൽ ഉണർവേകിയിട്ടുണ്ട്. കൃഷിവകുപ്പും സപ്ലൈകോയും കുടുംബശ്രീയും വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണച്ചന്തകളും വിപണികളും വിപണന കേന്ദ്രങ്ങളുമൊരുക്കി ഓണസമൃദ്ധിക്കു കരുതലുണ്ട്.

അത്തം മുതലേ നാടുംനഗരവും ഓണത്തിരക്കിലമർന്നതാണ്. നഗരത്തിലെ തിരക്കേറിയ റോഡുകളിലെ വ്യാപാരസ്ഥാനങ്ങളിലെല്ലാം ദിവസങ്ങൾക്കു മുമ്പേ തിരക്കു തുടങ്ങി. മിക്ക റോഡുകളിലും ഓണവിപണി മൂലം രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ വഴിയോരങ്ങളിലും ഷോപ്പിംഗ് മാളുകൾ സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും കച്ചവട സുരക്ഷയുടെ ഭാഗമായി പൊലീസിന്റെ സേവനമുണ്ട്.


പൂമാർക്കറ്റിനു പുറമെ വഴിയോരങ്ങളിലും പൂവിപണി സജീവമാണ്. ടെക്‌സ്റ്റൈൽസ്, ഫാൻസി, ഫുട്‌വെയർ, സ്റ്റേഷനറി, ഇലക്‌ട്രോണിക്സ്, ജ്വല്ലറി, ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിലെല്ലാം രാത്രി വൈകിയും തിരക്കാണ്. പുതിയതായി പ്രവർത്തനമാരംഭിച്ച വൻകിട വ്യാപാര സ്ഥാപനങ്ങൾ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ചന്തകളെയും ബാധിച്ചിട്ടുണ്ട്. സപ്ലൈകോ ഓണം ഫെയർ, കൺസ്യൂമർ ഫെഡ് ഓണച്ചന്ത, കുടുംബശ്രീ ഓണച്ചന്ത എന്നിവിടങ്ങളിലും തിരക്കുണ്ട്. ഓണം ഫെയറുകൾ ഇന്ന് വരെയും കുടുംബശ്രീ ഓണച്ചന്ത 17-ാം തീയതി വരെയുമാണ്.

 പാലക്കാട് ഗതാഗതക്കുരുക്ക് രൂക്ഷം

ഒലവക്കോട് ജംഗ്ഷൻ, സുൽത്താൻപേട്ട, മിഷ്യൻ സ്‌കൂൾ, ശകുന്തള ജംഗ്ഷൻ എന്നീവിടങ്ങളിലൊക്കെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. സ്റ്റേഡിയം സ്റ്റാൻഡിനു മുന്നിലെ പുതിയ ഗതാഗത പരിഷ്‌കാരം ഇവിടുത്തെ തിരക്കിനു നേരിയ ശമനം വരുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം സദ്യയും പായസമേളയുമായി പ്രമുഖ ഹോട്ടൽ കാറ്ററിംഗ് ഗ്രൂപ്പുകാരും രംഗത്തുണ്ട്. ഓണവിപണിയിൽ പരസ്യം നൽകി വൻകിട കമ്പനികൾക്കൊപ്പം ഓൺലൈനിലും കച്ചവടം പൊടിപൊടിക്കുമ്പോൾ നഗരങ്ങളിൽ പർച്ചേയ്സിനെത്തുന്നവരുടെ എണ്ണത്തിലും കുറവില്ലാത്ത സ്ഥിതിയാണ്.