
2014ലാണ് നഗരസഭയിൽ നിന്ന് ശേഖരിപുരം ജംഗ്ഷനോട് ചേർന്ന 30 സെന്റ് ഭൂമി വാങ്ങിയത്
10 സെന്റ് സ്ഥലത്ത് കൽപാത്തി സെക്ഷന് സ്വന്തം കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം
രണ്ടുവർഷം പൂർത്തിയായപ്പോൾ നിർമ്മാണ അനുമതി പുതുക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല
പാലക്കാട്: നിർമ്മാണോദ്ഘാടനം കഴിഞ്ഞ് അഞ്ചാണ്ടായിട്ടും യാഥാർത്ഥ്യമായില്ല, ഒലവക്കോട്ടെ വാടക കെട്ടിടത്തിന്റെ രണ്ടാംനിലയിൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കെ.എസ്.ഇ.ബി കൽപാത്തി സെക്ഷൻ ഓഫീസ്.
2019 ഡിസംബർ 23ന് അന്നത്തെ മന്ത്രി എം.എം.മണിയാണ് ശേഖരിപുരം ജംഗ്ഷനോട് ചേർന്ന 30 സെന്റ് ഭൂമിയിൽ സെക്ഷൻ ഓഫീസിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. അതേവർഷം നിർമ്മാണോദ്ഘാടനം നടത്തിയ നെന്മാറ കയറാടി സെക്ഷൻ ഓഫീസ് പൂർത്തീകരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങളും അവഗണയ്ക്ക് പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ്.
2014ലാണ് ശേഖരിപുരം ജംഗ്ഷനോട് ചേർന്ന 30 സെന്റ് ഭൂമി കൽപാത്തി 33 കെ.വി സബ്‌സ്റ്റേഷൻ, കൽപാത്തി വൈദ്യുതി സെക്ഷൻ ഓഫീസ്, സബ് ഡിവിഷണൽ ഓഫീസ് കെട്ടിടത്തിനുമായി നഗരസഭയിൽ നിന്ന് വാങ്ങിയത്.
10 സെന്റ് സ്ഥലത്ത് കൽപാത്തി സെക്ഷന് സ്വന്തം കെട്ടിടം നിർമ്മിക്കുകയാണ് ലക്ഷ്യം. ഒലവക്കോട്, മലമ്പുഴ, കൽപാത്തി സെക്ഷനുകളുടെ ചുമതലയിലെ സബ്ഡിവിഷൻ ഓഫീസ് കെട്ടിടം, കൽപാത്തി സെക്ഷൻ ഓഫീസ്, യാർഡ്, ചുറ്റുമതിൽ എന്നിവക്കായി 1.16 കോടി രൂപയാണ് ബോർഡ് വകയിരുത്തിയിരുന്നത്.
സെക്ഷൻ സബ്ഡിവിഷൻ ഓഫീസിനുള്ള നിർമ്മാണ അനുമതിയും നേടിയിരുന്നു. സാങ്കേതിക അനുമതി നേടി കാലാവധി രണ്ടുവർഷം പൂർത്തിയായപ്പോൾ പുതുക്കുകയും ചെയ്തു. ഭൂമി തരംമാറ്റികിട്ടൽ, നഗരസഭയിൽനിന്ന് കെട്ടിട നിർമ്മാണ അനുമതി എന്നിവ ലഭിച്ചിരുന്നെങ്കിലും ഉദ്ഘാടന ഘട്ടത്തിൽ നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡിന്റെ താൽപര്യക്കുറവാണ് പദ്ധതി യാഥാർത്ഥ്യമാകാൻ തടസമായത്. ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ട് പദ്ധതി നടപ്പാക്കാമെന്നാണ് പരാതികൾക്ക് ലഭിക്കുന്ന മറുപടി.