
12 മാസത്തെ വേതനം നൽകിക്കഴിഞ്ഞു
ഇനി ലഭിക്കാനുള്ളത് നാലുമാസത്തെ വേതനം
രണ്ടാം വർഷത്തിലെ 60 വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
ഒക്ടോബറോടെ ക്ലാസുകൾ ആരംഭിക്കും
ഒറ്റപ്പാലം: സാംസ്‌കാരിക വകുപ്പിന് കീഴിൽ ഒറ്റപ്പാലം ലക്കിടിയിലെ കുഞ്ചൻസ്മാരക കലാപീഠത്തിൽ പഠനം മുടങ്ങിയിട്ട് മാസം അഞ്ച്. പുതിയ അദ്ധ്യയന വർഷത്തിൽ നാളിതുവരെ ക്ലാസുകൾ ആരംഭിക്കാനായിട്ടില്ല. മേയിൽ തുടങ്ങാറുള്ള ഓട്ടൻതുള്ളൽ ഉൾപ്പെടെയുള്ള കോഴ്‌സുകളുടെ പഠനമാണ് അനിശ്ചിതത്വത്തിലായത്. കേന്ദ്രത്തിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വേതനം കുടിശികയായതിന് പിന്നാലെയാണ് പഠനവും മുടങ്ങിയത്. ഇതോടെ രണ്ടാംവർഷ വിദ്യാർത്ഥികളുടെ പഠനം സ്തംഭിച്ച നിലയിലാണ്.
കേരള കലാമണ്ഡലത്തിന് കീഴിലെ പാർട്ട് ടൈം കോഴ്‌സ് എന്ന വിഭാഗത്തിലാണ് കുഞ്ചൻ കലാപീഠത്തിൽ പഠനം നടക്കുന്നത്. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരള കലാമണ്ഡലത്തിലെ സാക്ഷ്യപത്രമാണ് ലഭിച്ചിരുന്നത്. ഓട്ടൻതുള്ളലിന് പുറമേ മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവയാണ് മൂന്നുവർഷ കോഴ്‌സായി പഠിപ്പിക്കുന്നത്.
നേരത്തേ കലാപീഠത്തിലെ അദ്ധ്യാപകരുൾപ്പെടെയുള്ളവർക്ക് 16 മാസത്തെ വേതനം കുടിശികയായിരുന്നു. ഇപ്പോൾ 12 മാസത്തെ വേതനം സാംസ്‌കാരികവകുപ്പ് നൽകിക്കഴിഞ്ഞു. ഇനി നാലുമാസത്തെ വേതനമാണ് ലഭിക്കാനുള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. വേതനം വേഗം കൊടുത്തുതീർത്ത് ഓണത്തിനുശേഷം പ്രവേശനടപടികൾ തുടങ്ങുമെന്നും ഒക്ടോബറോടെ ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും
അധികൃതർ പറയുന്നു.
രണ്ടാം വർഷ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ
2008 മുതലാണ് പഠനം തുടങ്ങിയത്. സാധാരണ ഏപ്രിലിൽ പ്രവേശന നടപടികൾ തുടങ്ങുകയും മേയിൽ ക്ലാസ് ആരംഭിക്കുകയുമാണ് ചെയ്യാറുള്ളത്. പുതിയ ബാച്ചിന് പുറമേ നിലവിൽ രണ്ടാം വർഷ ക്ലാസുകളിൽ മാത്രം 60 വിദ്യാർത്ഥികൾക്കാണ് പഠനം മുടങ്ങിക്കിടക്കുന്നത്. എന്നാൽ തുള്ളൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റം കഴിഞ്ഞമാസം നടന്നിരുന്നു.