
ചിറ്റൂർ: ചിറ്റൂർറേഞ്ചിലെ 11,13 ഗ്രൂപ്പുകളിലെ 10 കള്ള് ഷാപ്പിലെ ചെത്ത് വില്പന തൊഴിലാളി കുടുംബങ്ങൾ ഓണനാളിൽ മുഴുപട്ടിണിയിലായി. കഴിഞ്ഞ ഏഴുമാസമായി പൂട്ടി കിടക്കുന്ന ഷാപ്പുകളിൽ ആകെ 85 തൊഴിലാളികളാണുള്ളത്. സാധാരണ ഓണകാലത്ത് പൂട്ടി കിടക്കുന്ന സാഹചര്യം ഉണ്ടായാൽ ഷാപ്പുകളിലെ ചെത്ത്കാർക്കും വില്പന തൊഴിലാളികൾക്കും സർക്കാറിന്റെ ധനസഹായം യഥാസമയം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഓണം കഴിഞ്ഞിട്ടും സഹായം ലഭിച്ചിട്ടില്ല. മറ്റു പല റേഞ്ചിലും ഷാപ്പുകൾ അടഞ്ഞു കിടക്കുന്നുണ്ട്.
സർക്കാർ സഹായം യഥാസമയം ലഭിക്കാത്തത് എക്‌സൈസ് വകുപ്പിന്റെ അനാസ്ഥയാണെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. ധനസഹായം എത്രയെന്ന് പോലും തങ്ങൾക്ക് അറിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. പൂട്ടി കിടക്കുന്ന പല മേഖലയിലുള്ള തൊഴിൽ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന് സഹായ ധനം വിതരണം ചെയ്തപ്പോൾ സർക്കാറിന്റെ റവന്യു വരുമാനത്തിൽ മുഖ്യ പങ്കു വഹിക്കുന്ന പരമ്പരാഗത മേഖലയിലെ ചെത്ത് തൊഴിലാളികളോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ധനസഹായം ലഭിച്ചില്ല
ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ തൊഴിലാളികളുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും അനുബന്ധരേഖകളും നേരത്തെ തന്നെ സമർപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെ ധനസഹായം ലഭ്യമായില്ല. എക്‌സൈസ് സർക്കിൾ ഓഫീസിൽ ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭ്യമല്ല. ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണർ ആപ്പീസിൽ നിന്നാണ് പണം നൽകേണ്ടതെന്നാണ് ഇവരുടെ വിശദീകരണം.
രജിസ്‌ട്രേഷൻ ലഭിക്കാത്തവർക്ക് ആനുകൂല്യം ഇല്ല
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ലിസ്റ്റ് പ്രകാരമാണ് ആനുകൂല്യം ലഭിക്കുക. രജിസ്‌ട്രേഷൻ ഉള്ളവർക്ക് മാത്രമാണ് സഹായം ലഭ്യമാകുക. വർഷങ്ങളായി ജോലി ചെയ്യുന്ന രജിസ്‌ട്രേഷൻ ലഭിക്കാത്ത തൊഴിലാളികൾ ഈ സംവിധാനത്തിൽ നിന്ന് പുറത്താണ്.