court

 അഡീഷണൽ ജില്ലാകോടതി, കുടുംബകോടതി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികൾ പല സ്ഥലങ്ങളിലായാണ് ഇപ്പോഴുള്ളത്.

 ഉത്തരവിറങ്ങി ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങണം

 പുതിയ കോടതിസമുച്ചയം ഏഴുനിലകളിലായി നിർമ്മിക്കും

 വീഡിയോ കോൺഫറൻസിംഗ് മുറി, യോഗം ചേരാനുള്ള മുറികൾ, സ്ത്രീകൾക്കായി പ്രത്യേക മുറിയും ഉൾപ്പെടുത്തും

 പദ്ധതിയുടെ ഭരണാനുമതി പുതുക്കി സാങ്കേതികാനുമതി നേടാനുള്ള ശ്രമങ്ങളും തുടങ്ങി

 കോടതിസമുച്ചയ നിർമ്മാണത്തിനായി കൈമാറുന്നത് 70 സെന്റ് സ്ഥലം

പാലക്കാട്: ഒറ്റപ്പാലം താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തെ വി​വി​ധ കോ​ട​തി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്കം കുറിച്ച കോ​ട​തി സ​മു​ച്ച​യം പ​ദ്ധ​തി യാഥാർത്ഥ്യത്തിലേക്ക്. പുതിയ കോടതിസമുച്ചയത്തിനായി കാഞ്ഞിരപ്പുഴ ജല സേചനപദ്ധതിയുടെ കണ്ണിയംപുറത്തെ സ്ഥലം വിട്ടുനൽകും. സ്ഥലം വിട്ടുനൽകാൻ ഉപാധികളോടെ റവന്യൂവകുപ്പ് ഉത്തരവിട്ടു. ജലസേചനവകുപ്പിന്റെ 70 സെന്റ് സ്ഥലമാണ് കോടതിസമുച്ചയ നിർമ്മാണത്തിനായി നീതിന്യായ വകുപ്പിന് കൈമാറുക. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിറുത്തി ഭൂമിയുടെ കൈവശാവകാശമാണ് നീതിന്യായവകുപ്പിന് കൈമാറാൻ ഉത്തരവിട്ടിട്ടുള്ളതെന്ന് കെ.പ്രേംകുമാർ എം.എൽ.എ അറിയിച്ചു.

സ്ഥലത്തെ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന്റെ അനുവാദം വാങ്ങണം. ഒപ്പം മുറിക്കുന്നതിന്റെ മൂന്നിരട്ടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കണം. സ്ഥലം പണയപ്പെടുത്താനോ ഉപപാട്ടത്തിനോ നൽകരുത് തുടങ്ങിയ ഉപാധികളോടെയാണ് സ്ഥലം കൈമാറ്റം ചെയ്യുന്നത്. ഇവയിൽ ഏതെങ്കിലുമൊന്ന് ലംഘിച്ചാൽ സ്ഥലം തിരികെ റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാകും. നിലവിൽ താലൂക്ക് ഓഫീസിന് സമീപത്തുള്ള ഒറ്റപ്പാലം കോടതി കെട്ടിടത്തിന് ഒന്നര നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. കാലപ്പഴക്കത്തിന്റേതായ പ്രശ്നങ്ങളും ഈ കെട്ടിടത്തിലുണ്ട്.

2012 ലാണ് പുതിയ കോടതിസമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചത്. നിലവിലെ കെട്ടിടം പൊളിച്ച് അതേസ്ഥലത്ത് പുതിയകെട്ടിടം നിർമ്മിക്കാനായി 23.35 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കരുതെന്നും പുരാവസ്തുവെന്ന നിലയിൽ സംരക്ഷിക്കണമെന്നും വാദമുയർന്നു. പൊളിച്ചുപണിയുമ്പോൾ സമീപത്തുള്ള സബ് ജയിലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്നതും പ്രതിസന്ധിയായി. പിന്നീടാണ് കണ്ണിയംപുറത്തെ ജലസേചനവകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റാൻ ധാരണയായത്. സ്ഥലംവിട്ടുനൽകുന്നതിൽ ജലസേചനവകുപ്പ് എതിർത്തതോടെ വീണ്ടും പദ്ധതിയുടെ അംഗീകാരം തടസപ്പെട്ടു. ചർച്ചകളുടെ അടിസ്ഥാനത്തിൽ പിന്നീടാണ് സ്ഥലം വിട്ടുനൽകാൻ ധാരണയാവുകയും ഉത്തരവിറങ്ങുകയും ചെയ്തത്.

ഒറ്റപ്പാലം കോടതിസമുച്ചയം നിർമ്മിക്കാനായി കണ്ടെത്തിയ കണ്ണിയംപുറം കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥലം.