
44 കോടി രൂപ ചെലവിലാണ് ഒന്നാംഘട്ട നവീകരണം
ആകെയുള്ള 41 കലുങ്കുകളിൽ പകുതിയലധികം കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായി
മണ്ണാർക്കാട്: മഴക്കാലത്ത് കുഴികളും ചെളിക്കെട്ടും, മഴമാറിയപ്പോൾ പൊടിശല്യവും. നവീകരണ പ്രവൃത്തി നടക്കുന്ന മണ്ണാർക്കാട്-ചിന്നത്തടാകം അന്തഃർസംസ്ഥാന പാതയിലെ യാത്രാക്ലേശം യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ടാറിംഗിന് പാകപ്പെടുത്തിയ റോഡിൽ മെറ്റലുകളിളകി പൊടിയുയരുന്നു. പരന്നുകിടക്കുന്ന മെറ്റലുകൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്നു. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിപടലമുയർന്ന് മുന്നിലും പിന്നിലുമുള്ള വാഹനങ്ങൾക്ക് കാഴ്ചമറയുന്നു.
ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാതയോരത്തെ വീടുകളിൽ താമസിക്കുന്നവരും വ്യാപാരസ്ഥാപനങ്ങളിലുള്ളവരും പൊടിശല്യത്താൽ വലയുകയാണ്. വാഹനത്തിരക്കേറെയുള്ള രാവിലെയും വൈകീട്ടുമാണ് പൊടിശല്യം കൂടുതൽ.
ജൂണിലാണ് നെല്ലിപ്പുഴ സ്‌കൂളിനുസമീപം മുതൽ തെങ്കര വരെയുള്ള നാല് കിലോമീറ്ററിൽ ടാറിംഗ് നടത്താൻ റോഡ് പരുവപ്പെടുത്തിയത്. ഇതിൽ 1.3 കിലോമീറ്റർ മാത്രമാണ് ടാറിംഗ് ചെയ്തത്. മഴവന്നതോടെ ടാറിംഗ് നിർത്തി വെക്കുകയും ചെയ്തു. ശക്തമായ മഴയിൽ റോഡിലാകെ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിൽ ചെളിവെള്ളം നിറഞ്ഞ് യാത്ര ദുഷ്‌കരമായിരുന്നു. പരാതി വന്നതോടെ അടുത്തിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികൾ നികത്തിയിരുന്നു. എന്നാൽ നിരന്തരമായി വാഹനങ്ങൾ കടന്നു പോകുന്നതുമൂലം ഇതെല്ലാം വീണ്ടും ഇളകിയതാണ് യാത്രാക്ലേശം വർദ്ധിപ്പിച്ചിട്ടുള്ളത്.
ടാറിംഗ് പ്രവൃത്തികൾ അടുത്തയാഴ്ച ആരംഭിക്കും
മഴയ്ക്ക് ശമനംവന്നതോടെ ടാറിംഗ് പ്രവൃത്തികൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അധികൃതർ അറിയിച്ചു. 44 കോടി രൂപ ചെലവിലാണ് ആനമൂളി വരെയുള്ള ഭാഗം ഒന്നാംഘട്ടത്തിലുൾപ്പെടുത്തി നവീകരിക്കുന്നത്. ആകെയുള്ള 41 കലുങ്കുകളിൽ പകുതിയലധികം കലുങ്കുകളുടെ നിർമ്മാണം ഇതിനകം കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവയുടെ നിർമ്മാണ ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.