
പാലക്കാട്: നഗരത്തിലെ സഖി ചിൽഡ്രൻസ് ഹോമിൽ നിന്നു കഴിഞ്ഞ ദിവസം കാണാതായ മൂന്ന് പെൺകുട്ടികളിലൊരാൾ വീട്ടിൽ തിരിച്ചെത്തി. 17 വയസുള്ള കുട്ടിയാണ് വീട്ടിലെത്തിയത്. പതിനേഴും പതിനാലും വയസുള്ള കുട്ടികളെ കണ്ടെത്താൻ പൊലീസ് ഊർജിത തെരച്ചിൽ നടത്തുകയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സഖി വൺസ്‌റ്റോപ്പ് സെന്ററിൽ നിന്നു കുട്ടികളെ കാണാതായത്. കാണാതായവരിൽ രണ്ടുപേർ പോക്‌സോ അതിജീവതകളാണ്. വീട്ടിലേക്ക് മടങ്ങി പോകണം എന്ന ആഗ്രഹത്താലാണ് സഖി കേന്ദ്രം വിട്ടിറങ്ങിയതെന്ന് തിരിച്ചെത്തിയ പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് വിവരം.