transformer

സുരക്ഷ വേലിയുള്ളത് 139 ൽ 15 എണ്ണത്തിന് മാത്രം
സംസ്ഥാനപാതയോരത്തെ ട്രാൻസ്‌ഫോർമറുകളും അപകടാവസ്ഥയിൽ


മുതലമട: ഗ്രാമപഞ്ചായത്തിലെ കെ.എസ്.ഇ.ബിയുടെ ഭൂരിഭാഗം വൈദ്യുത ട്രാൻസ്‌ഫോർമറുകൾക്കും സുരക്ഷാ വേലികൾ ഇല്ല. മിക്കതും കാടുകയറിയും അറ്റകുറ്റപ്പണികൾ നടത്താതെയും അപകടാവസ്ഥയിലാണ് നിൽക്കുന്നു. തൃശൂർ-പൊള്ളാച്ചി സംസ്ഥാനപാതയോരത്തെ ഗോവിന്ദാപുരം മുതൽ മാഞ്ചിറ വരെയുള്ളവയിൽ രണ്ടെണ്ണത്തിന് മാത്രമാണ് സുരക്ഷാ വേലികളുള്ളത്. മുതലമട ഗ്രാമപഞ്ചായത്തിലെ 139 എണ്ണത്തിൽ 15 എണ്ണത്തിന് മാത്രമാണ് സുരക്ഷാ വേലികൾ നിർമ്മിച്ചിട്ടുള്ളത്. നീളിപ്പാറ ഗോവിന്ദാപുരം, മീങ്കര തുടങ്ങിയിടങ്ങളിൽ വൻ നിർമ്മാണ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ട്രാൻസ്‌ഫോർമറുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു മുൻകരുതലുകളും എടുത്തിട്ടില്ല.
പത്തിച്ചിറ, വലിയച്ചള്ള, പാറയ്ക്കൽച്ചള്ള, നീളിപ്പാറ, മൂച്ചംകുണ്ട് തുടങ്ങിയ ഉൾപ്രദേശങ്ങളിലെ വൈദ്യുത ട്രാൻസ്‌ഫോർമറുകളും സുരക്ഷാ വേലിയില്ലാതെ അപകടാവസ്ഥയിലാണ്. ഇവയുടെ പരിസരങ്ങളിൽ കന്നുകാലികളും വന്യമൃഗങ്ങളും എത്തുന്നതും അപകടങ്ങളിൽ പെടാനുള്ള സാഹചര്യവും കൂടുതലാണ്. വനപ്രദേശങ്ങളിലെ ട്രാൻസ്‌ഫോർമറുകളിലും വൈദ്യുത ലൈനുകളിലും കാടുകയറിയ നിലയിലുമാണ്. സമയബന്ധിതമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ട്രാൻസ്‌ഫോർമറുകൾ കാടുകയറി അപകടാവസ്ഥയിൽ ആവാൻ കാരണമെന്നാണ് നിഗമനം.


ട്രാൻസ്‌ഫോർമറുകളുടെ സുരക്ഷാ പ്രാധാന്യം അനുസരിച്ച് വേലികൾ നിർമ്മിക്കും. നിലവിൽ സ്‌കൂൾ പരിസരങ്ങളിലെയും മറ്റും ട്രാൻസ്‌ഫോർമറുകൾക്ക് സുരക്ഷാ വേലികൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ബാബു, അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി മുതലമട സെക്ഷൻ.

ട്രാൻസ്‌ഫോമറുകളുടെ സുരക്ഷയുടെ കാര്യത്തിൽ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം. സംസ്ഥാന പാതയോരത്തെയും ഗ്രാമപ്രദേശങ്ങളിലെയും വൈദ്യുത പോസ്റ്റുകളിലെ ട്രാൻസ്‌ഫോർമറുകളിൽ ഉടൻ സുരക്ഷാ വേലികൾ നിർമ്മിച്ചു നൽകണം.
എസ്.നിധിൻഘോഷ്, യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം.