പാലക്കാട്: തെങ്ങോളം പൊക്കത്തിൽ നാളികേരവില.​ ഒരുകിലോ നാളികേരത്തിന് 48 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്.

കഴിഞ്ഞ മാസങ്ങളിൽ നാളികേരത്തിന് കിലോയ്ക്ക് 29 മുതൽ 32 വരെ രൂപയാണ് വിലയുണ്ടായിരുന്നത്. ഓണവിപണിയിൽ 34 മുതൽ 37 വരെ രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വില വീണ്ടും വർദ്ധിച്ച് 42 രൂപയായി. രണ്ടുദിവസം കൊണ്ടാണ് വില വീണ്ടും ഉയർന്ന് 48 രൂപയിലേക്കെത്തിയത്. 2014ലാണ് സമാനമായി നാളികേരത്തിന്റെ വില ഉയർന്നിട്ടുള്ളത്.

 വെളിച്ചെണ്ണയ്ക്കും വില കൂടി

തേങ്ങയ്ക്ക് വില കൂടിയതോടെ വെളിച്ചെണ്ണയ്ക്കും വില ഉയർന്നു. മില്ലുകളിൽ ലിറ്ററിന് 200 രൂപയായിരുന്ന വെളിച്ചെണ്ണവില 240 വരെ എത്തി. നാളികേര വില 48 രൂപയിലെത്തിയെങ്കിലും ഉത്പാദനം പാതിയിൽ താഴെയായതിനാൽ കർഷകർക്ക് നേട്ടമില്ല. ഓണക്കാലത്ത് വില ഉയർന്നപ്പോൾ ഭൂരിഭാഗം കർഷകരും തേങ്ങ വിറ്റു. ഇതോടെ പച്ചത്തേങ്ങ കിട്ടാനില്ലാത്ത സ്ഥിതിയാണ്. തെക്കൻ ജില്ലകളിൽ നിന്നുള്ള മൊത്തവ്യാപാരികൾ പാലക്കാട്ടെത്തി കിലോഗ്രാമിന് 38 രൂപവരെ നൽകി തോട്ടങ്ങളിൽ നിന്ന് തേങ്ങ എടുക്കുന്നുണ്ട്. ജില്ലയിൽ ഒരുമാസം മുൻപ് വിപണിയിലെ ചില്ലറ വിൽപ്പനവില 35 രൂപയിൽ താഴെയായിരുന്നു. കഴിഞ്ഞ വേനൽക്കാലത്തെ കടുത്ത ചൂടാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

ആലത്തൂരിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ 100 തെങ്ങുകളിൽ കഴിഞ്ഞതവണ തേങ്ങയിടുന്ന സമയത്ത് 40 എണ്ണത്തിൽ തേങ്ങ ഇടാനുണ്ടായിരുന്നില്ല. ശേഷിച്ച 60 തെങ്ങുകളിൽ കായ്ഫലവും കുറവായിരുന്നു. ശരാശരി ഒരു തെങ്ങിൽനിന്ന് 13 തേങ്ങ ലഭിക്കേണ്ടത് എട്ടായി കുറഞ്ഞു.

വിത്തുത്പാദനകേന്ദ്രം അധികൃതർ.

25 തെങ്ങുണ്ടെങ്കിലും മൂന്നെണ്ണത്തിൽ മാത്രമേ കായ പിടിച്ചിട്ടുള്ളൂ. ഉത്പാദനക്കുറവിന് പുറമേ മലയോരമേഖലകളിൽ കുരങ്ങും മലയണ്ണാനും വ്യാപകമായി തേങ്ങ നശിപ്പിക്കുന്നതും പ്രതിസന്ധിയാണ്.

കെ.സുരേന്ദ്രൻ, തെക്കിൻകല്ലയിലെ കർഷകൻ